തിരുവനന്തപുരം പോത്തന്‍കോട് അജ്ഞാത ജീവിയുടെ ആക്രമണം

തിരുവനന്തപുരം പോത്തന്‍കോട് അജ്ഞാത ജീവിയുടെ ആക്രമണം. കല്ലൂര്‍ സ്വദേശിയുടെ വീട്ടില്‍ വളര്‍ത്തിയിരുന്ന മൂന്ന് ആടുകളെ അജ്ഞാത ജീവി കൊന്നു. കാട്ടുപൂച്ചയാണ് ആടുകളെ ആക്രമിച്ചതെന്ന നിഗമനത്തിലാണ് വനംവകുപ്പ്. 

പോത്തന്‍കോട് കല്ലൂര്‍ നിവാസികളെ ഭീതിയിലാക്കിയാണ് അജ്ഞാതജീവിയുടെ വിലസല്‍. കല്ലൂര്‍ ഫാത്തിമാ കോട്ടേജില്‍ ഷാജഹാന്‍ വളര്‍ത്തിയിരുന്ന നാല് ആടുകളാണ് ഇന്നലെ പുലര്‍ച്ചെ അജ്ഞാത ജീവിയുടെ ആക്രമണത്തിന് ഇരകളായത്. ഇതില്‍ മൂന്ന് ആടുകള്‍ ചത്തു. പരുക്കേറ്റ ഒരാട് ചികില്‍സയിലാണ്. രാവിലെ ആടുകള്‍ പരുക്കേറ്റ് കിടക്കുന്നതുകണ്ട ഷാജഹാന്‍ സംഭവം വനംവകുപ്പിനെ അറിയച്ചു. 

പാലോട് നിന്നെത്തിയ വനപാലക സംഘം സ്ഥലത്ത് പരിശോധന നടത്തി. കാല്‍പാടുകള്‍ പരിശോധിച്ചതില്‍ നിന്ന് കാട്ടുപൂച്ചയാകാം ആക്രമണത്തിന് പിന്നിലെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം.

ജി. ബാലചന്ദ്രന്‍ നായര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍, പാലോട് റേഞ്ച് അടുത്തനാളുകളില്‍ ഈ പ്രദേശത്ത് നിരവധി വളര്‍ത്തുമൃഗങ്ങളും കോഴികളും സമാനമായ രീതിയില്‍ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.