സ്വന്തമായി കെട്ടിടമില്ലാതെ മല്ലപ്പള്ളി ഐഎച്ച്ആർഡി കോളജും സ്കൂളും

പ്രവര്‍ത്തനം തു‌ടങ്ങി ഇരുപത്തിയൊന്ന് വര്‍ഷമായിട്ടും സ്വന്തമായി കെട്ടിടമില്ലാതെ പത്തനംതിട്ട മല്ലപ്പള്ളി ഐ.എച്ച്.ആര്‍ .ഡി കോളജും സ്കൂളും. കെട്ടിട‌ം നിര്‍മിക്കാനായി തറക്കല്ലിട്ടിട്ട് രണ്ട് പതിറ്റാണ്ട് കഴിഞ്ഞു. രണ്ട് സ്ഥാപനങ്ങളും വാടകക്കെട്ടിടത്തിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

മാനവ വിഭവശേഷി വികസന കേന്ദ്രത്തിന്‍റെ കീഴിലുള്ള മല്ലപ്പള്ളി ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നാനൂറ്റിപ്പത്ത് വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. എട്ട് മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നത് രണ്ട് വാടകക്കെട്ടിടങ്ങളിലായാണ്. സമാനമായരീതിയില്‍ അപ്ലൈഡ് സയന്‍സ് കോളജ് പ്രവര്‍ത്തിക്കുന്നതും വാടകക്കെട്ടിട‌ത്തില്‍തന്നെ. രണ്ട് സ്ഥാപനങ്ങള്‍ക്കുമായി പ്രതിമാസം ഒരുലക്ഷത്തിലധികം രൂപയാണ് വാടകയിനത്തില്‍ ചെലവഴിക്കുന്നത്.

ഇരുപത്തിയൊന്ന് വര്‍ഷം മുന്‍പ് മൂന്നരയേക്കര്‍ സ്ഥലം ഐ.എച്ച് .ആര്‍ .‍‍ഡിക്ക് കൈമാറുകയും തറക്കല്ലിടുകയും ചെയ്തിരുന്നു. എഴുപത് ലക്ഷംരൂപ കെട്ടിടനിര്‍മാണത്തിനായി അനുവദിക്കുകയും ചെയ്തു. പക്ഷേ ഇട്ട കല്ലില്‍ പായല്‍ കയറിയതല്ലാതെ ഫലമൊന്നുമുണ്ടായില്ല. നിലവിലുള്ള സ്ഥലത്തിന്‍റെ ഭൂരിഭാഗവും തണ്ണീര്‍ത്തടത്തിന്‍റെ പരിധിയില്‍വരുമെന്നതിനാല്‍ കല്ലൂപ്പാറ എന്‍ജിനീയറിങ് കോളജ് ക്യാംപസിലേക്ക് ഐ.എച്ച്.ആര്‍ .ഡി സ്ഥാപനങ്ങള്‍ മാറ്റുന്നതും പരിഗണനയിലാണ്.