പ്രളയനാശംമൂലം ആലപ്പുഴ പാണ്ടനാട്ടെ ഫെഡറല്‍ ബാങ്ക് ശാഖ നിര്‍ത്തലാക്കുന്നു

പ്രളയനാശംമൂലം  ആലപ്പുഴ പാണ്ടനാട്ടെ ഫെഡറല്‍ ബാങ്ക് ശാഖ നിര്‍ത്തലാക്കുന്നു. പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാനാകാത്ത സാഹചര്യത്തില്‍ ബുധനൂര്‍ ശാഖയില്‍ ലയിപ്പിക്കാനാണ് തീരുമാനം. എന്നാല്‍ ബാങ്കിന്‍റെ തീരുമാനത്തിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായ രംഗത്തെത്തി.

പ്രളയം അതിഭീകരമായി ദുരന്തംവിതച്ച പാണ്ടനാട് പ്രവര്‍ത്തിക്കുന്ന രണ്ട് ബാങ്കുകളില്‍ ഒന്നാണ് ഫെഡറല്‍ ബാങ്കിന്‍റെ ഈ ശാഖ. പ്രളയത്തില്‍ വലിയതോതിലുള്ള നഷ്ടമുണ്ടായതിനെ തുടര്‍ന്നാണ് ശാഖയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാനും, ബാങ്കിങ് ഇടപാടുകളെല്ലാം ബുധനൂര്‍ ശാഖയിലേക്ക് ലയിപ്പിക്കാനും മാനേജ്മെന്‍റ് തീരുമാനിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ബാങ്കിന് മുന്നില്‍ നോട്ടിസ് പതിക്കുകയും ചെയ്തു. ഇതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.

ബാങ്കിന്‍റെ തീരുമാനത്തിനെതിരെ അക്കൗണ്ടുടമകള്‍ ഒപ്പുശേഖരണവും തുടങ്ങി. എന്നാല്‍ ഇടപാടുകാരുടെ അക്കൗണ്ടുകള്‍ അവരുടെ സൗകര്യത്തിനനുസരിച്ച് സമീപത്തുള്ള ചെങ്ങന്നൂര്‍ , ബുധനൂര്‍ , ചെറിയനാട് ശാഖകളിലേക്ക് മാറ്റി നല്‍കുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. ഭീമമായ നഷ്ടമുണ്ടായ നിലവിലെ സാഹചര്യത്തില്‍ ശാഖയുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നത് അസാധ്യമാണെന്നും ബാങ്ക് അറിയിച്ചു.