യാത്രക്കാരെ വലച്ച് അമൃത എക്സ്പ്രസ്: വൈകിയോടിയത് നാല് മണിക്കൂറോളം

യാത്രക്കാരെ വലച്ച് അമൃത എക്സ്പ്രസ്. തിരുവനന്തപുരത്ത് നിന്ന് പാലക്കാട് വഴി മധുരയിലേക്ക് പോകുന്ന അമൃത എക്സ്പ്രസ് നാലുമണിക്കൂറാണ് വൈകിയത്. തിരുവനന്തപുരം റെയിൽവേ ഡിവിഷനിലെ വിവിധ സ്റ്റേഷനുകളിലാണ് ട്രെയിൻ മണിക്കൂറുകളോളം പിടിച്ചിട്ടത്.

ഇന്നലെ രാത്രി ഒരു മണിക്കൂർ വൈകി പതിനൊന്നു മണിക്കാണ് ട്രെയിൻ തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ടത്.  ഇഴഞ്ഞു നീങ്ങി പലയിടത്തും നിർത്തിയിട്ടു.  പുലർച്ചെ 4.15ന് എറണാകുളത്ത്എത്തിയ ട്രെയിൻ പുറപ്പെട്ടത് രാവിലെ ആറിന്. ഓരോ സ്റ്റേഷനിലും അരമണിക്കൂർ വീതം പിടിച്ചിട്ടു. യാത്രക്കാർ പലരും ട്രെയിൻ യാത്ര ഒഴിവാക്കി ബസ് കയറേണ്ട സ്ഥിതിയായി . രാവിലെ 7.10 ന് പാലക്കാട് എത്തേണ്ട ട്രെയിൻ 11.15 നാണ് എത്തിയത്. 

11.22 നാണ് പാലക്കാട് നിന്ന് ട്രെയിൻ മധുരയിലേക്ക് പുറപ്പെട്ടത്. അറ്റകുറ്റപ്പണിയുടെ പേരിൽ തിരുവനന്തപുരം റെയിൽവേ ഡിവിഷനിലാണ് ട്രെയിനുകൾ വൈകിപ്പിക്കുന്നത്.