എയ്ഞ്ചൽവാലി പാലത്തിന്‍റെ അപ്രോച്ച് റോഡുകളുടെ പുനര്‍ നിര്‍മാണം ഏറ്റെടുത്ത് ജനകീയ കൂട്ടായ്മ

 പ്രളയം തകർത്തെറിഞ്ഞ എരുമേലി എയ്ഞ്ചൽവാലി പാലത്തിന്‍റെ അപ്രോച്ച് റോഡുകളുടെ പുനര്‍ നിര്‍മാണം ഏറ്റെടുത്ത് ജനകീയ കൂട്ടായ്മ. സര്‍ക്കാര്‍ സഹായത്തിന് കാത്തു നില്‍ക്കാതെ മണല്‍ചാക്കുകളാല്‍ തടയണതീര്‍ത്ത് ഗതാഗത സൗകര്യമൊരുക്കുകയാണ് നാട്ടുകാരുടെ ലക്ഷ്യം. കോട്ടയം പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന ശബരിമലയിലേക്കുള്ള മുഖ്യപാത കൂടിയാണ് നാട്ടുകാരുടെ പരിശ്രമത്തോടെ വീണ്ടെടുക്കുന്നത്. 

മഹാപ്രളയത്തില്‍ പമ്പാ നദിയിൽ ഒറ്റപ്പെട്ടുപോയതാണ് എയ്ഞ്ചല്‍വാലി പാലം. കോട്ടയം പത്തനംതിട്ട ജില്ലകളെ കൂട്ടിയിണക്കുന്ന പാലത്തിന്‍റെ ഇരുവശത്തെയും അപ്രോച്ച് റോഡുകളും കരകവിഞ്ഞൊഴുകിയ പമ്പ കവര്‍ന്നു. പാലത്തിനൊപ്പം ഇരു കരകളിലെ ജനങ്ങളും ഒറ്റപ്പെട്ടു. സര്‍ക്കാര്‍ സഹായത്തോടെ പാലം പുനര്‍നിര്‍മിക്കാന്‍ കാലതാമസം നേരിടുമെന്ന് ഉറപ്പായതോടെയാണ് നാട്ടുകാര്‍ രംഗത്തിറങ്ങിയത്. ആയിരക്കണക്കിന് മണൽ ചാക്കുകൾ അടുക്കി ഉറപ്പിച്ച് ഗതാഗതം സാധ്യമാക്കുകയാണ് ലക്ഷ്യം. അതിജീവനത്തിന്‍റെ എയ്‍ഞ്ചല്‍വാലി മാതൃക. പാലത്തിന്‍റെ  തൂണുകളിൽ അടിഞ്ഞ വലിയ മരങ്ങള്‍ ക്രയിനിന്‍റെ സഹായത്തോടെ നാട്ടുകാര്‍ നീക്കംചെയ്തു.   ഒരാഴ്ചക്കകം നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് ജനകീയ സമിതിയുടെ ലക്ഷ്യം. 

ഭാരമേറിയ വാഹനങ്ങളും ബസും സഞ്ചരിക്കണമെങ്കില്‍ സംരക്ഷണ ഭിത്തികള്‍ക്കെട്ടി റോഡും നിർമിക്കണം. ഇതിനായി എണ്‍പത് ലക്ഷം രൂപ  പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. രണ്ടര മാസം കഴിയുന്നതോടെ ശബരിമല തീർത്ഥാടന കാലം തുടങ്ങും. ഈ സാഹചര്യങ്ങൾ മുൻനിർത്തി പാലത്തിന്‍റെയും റോഡുകളുടെയും പുനർ നിർമാണം വൈകരുതെന്നാണ് നാട്ടുകാരുടെ ആവശ്യം.