വീടുകൾക്ക് ഭീഷണിയായി മൂവാറ്റുപുഴയാറിൻറെ തീരം ഇടിഞ്ഞു വീഴുന്നു

വൈക്കം തലയോലപറമ്പില്‍ ഇരുപതിലേറെ വീടുകള്‍ക്ക് ഭീഷണിയായി മൂവാറ്റുപുഴയാറിന്റെ തീരം ഇടിഞ്ഞ് താഴുന്നു. ഒറ്റ ദിവസം മൂന്ന് മീറ്ററിലേറെയാണ് കര പുഴയിലേക്ക് ഇടിഞ്ഞത്. നാട്ടുകാരുടെ ആശങ്ക വര്‍ധിപ്പിച്ച് പ്രദേശത്ത് ഭൂമിയില്‍ വിള്ളലും കണ്ടെത്തി. 

തലയോലപ്പറമ്പ് പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലാണ് മൂവാറ്റുപുഴയാറിന്റെ തീരം ഇടിഞ്ഞ് താഴുന്നത്. കോലേഴം ഭാഗത്തെ കൊട്ടാരത്തില്‍ പറമ്പില്‍ ഹംസയുടെ വീട് മുതല്‍ പാലാംകടവ് പാലം വരെയുള്ള പ്രദേശത്താണ് മണ്ണിടിച്ചില്‍ ഭീഷണി. രണ്ട് വീടുകള്‍ ഏത് നിമിഷവും പുഴയെടുക്കുന്ന അവസ്ഥയിലാണ്. പ്രളയജലം ഇറങ്ങിയതിന് പിന്നാലെ തീരം ഇടിഞ്ഞ് തുടങ്ങി. വ്യാഴാഴ്ച മൂന്ന് മീറ്ററിലേറെ കര പുഴ കവര്‍ന്നു. പവിത്രത്തില്‍ സുരേഷ് ബാബു, ഹംസ എന്നിവരുടെ വീടാണ് അപകടാവസ്ഥയിലുള്ളത്.  ശാരീരിക അവശതയുളള മകനോടൊപ്പമാണ് ഹംസയുടെ താമസം. 

മരങ്ങളും കിണറുകളുമടക്കം പുഴയിലേക്ക് ഇടിഞ്ഞുകഴിഞ്ഞു. ഇതോടൊപ്പമാണ് പ്രദേശത്ത് ഭൂമി വിണ്ടുകീറിയത്. 50 മീറ്റര്‍ നീളത്തില്‍ സംരക്ഷണ ഭിത്തി നിര്‍മിക്കാന്‍ തീരുമാനിച്ചെങ്കിലും നടപായില്ല. നിര്‍മ്മാണത്തിലിരിക്കുന്ന വീടുകളും ഇതോടെ മണ്ണിടിച്ചില്‍ ഭീഷണിയിലാണ്. തീരത്തോട് ചേര്‍ന്ന് ഇരുപതിലേറെ വീടുകളാണ് നിലവിലുള്ളത്. വീട്ടുകാരെ മാറ്റിപാര്‍പ്പിക്കാനോ പ്രശ്‌നത്തിന് പരിഹാരം കാണാനോ ഇതുവരെ നടപടിയുണ്ടായിട്ടില്ല.