കാഴ്ചപരിമിതനായ അധ്യാപകനെ സഹപ്രവർത്തകർ പീഡിപ്പിക്കുന്നതായി പരാതി

കാഴ്ചപരിമിതനായ അധ്യാപകനെ പ്രധാനാധ്യാപകനും മറ്റ് സഹപ്രവര്‍ത്തകരും ചേര്‍ന്ന് മാനസികമായി പീഡിപ്പിക്കുന്നതായി പരാതി. തിരുവല്ല ഗവണ്‍മെന്‍റ് മോ‍ഡല്‍ ഗേള്‍സ് ഹൈസ്കൂളിലെ അധ്യാപകനാണ് മേലുദ്യോഗസ്ഥര്‍ക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിരിക്കുന്നത്.

തിരുവല്ല ടൗണിലുള്ള ഗവണ്‍മെന്‍റ് മോഡല്‍ ഗേള്‍സ് ഹൈസ്കൂളിലെ യു.പി. വിഭാഗം അധ്യാപകനായ എം.ജി.സദാനന്ദനാണ് പരാതി നല്‍കിയിരിക്കുന്നത്. ഗ്ലൂക്കോമ രോഗത്തെ തുടര്‍ന്ന് നാലുവര്‍ഷം മുന്‍പാണ് ഇദ്ദേഹത്തിന്‍റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടത്. സദാനന്ദന്‍ സ്കൂളില്‍നിന്ന് സ്ഥലംമാറ്റം വാങ്ങിപ്പോവുകയോ അല്ലെങ്കില്‍ അവധിയില്‍പ്രവേശിച്ച് മറ്റൊരാളെ നിയമിക്കുകയോ ചെയ്യണമെന്ന് പ്രധാനാധ്യാപകനും മറ്റും പതിവായി ആവശ്യപ്പെട്ടുവെന്നാണ് പരാതി. സ്കൂളില്‍ കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകാത്തതിനുകാരണം കാഴ്ചവൈകല്യമുള്ള അധ്യാപകനാണെന്ന് ആരോപിച്ച് ജൂണ്‍ ഏഴാംതീയതി സ്കൂളിലെ കംപ്യൂട്ടര്‍ ലാബിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍പ്പറയുന്നു.

പരാതിക്കാരന്‍റെയും എതിര്‍കക്ഷികളുടെയും ഭാഗം പ്രാഥമികമായി പരിശോധിച്ചുവെന്നും ഇരുകക്ഷികളുടെയും നിലപാടിനനുസരിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും തിരുവല്ല ഡി.ഡി.ഇ എം.കെ.ഗോപി അറിയിച്ചു. അതേസമയം കുട്ടികളുടെ നിയന്ത്രണം പ്രശ്നമാകുന്ന പശ്ചാത്തലത്തില്‍ പകരം ഒരാളെ താല്‍ക്കാലികമായി ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് പരാതിക്കാരനായ അധ്യാപകനോട് അഭിപ്രായം ചോദിക്കുക മാത്രമാണ് ചെയ്തതെന്നും, വ്യക്തിപരമായ വൈരാഗ്യമോ മാനസിക പീഡനമോ ഉണ്ടായിട്ടില്ലെന്നും പ്രധാനാധ്യാപകനായ യു.ഷാജഹാന്‍ പറഞ്ഞു.