കനത്ത മഴയില്‍ കുട്ടനാട്ടില്‍ വെള്ളപ്പൊക്കം

കനത്ത മഴയില്‍ കുട്ടനാട്ടില്‍ വെള്ളപ്പൊക്കം. ആലപ്പുഴ–ചങ്ങനാശേരി റോഡില്‍ മൂന്നാംദിനവും ഗതാഗതം മന്ദഗതിയിലാണ്. ജില്ലയില്‍ 20ലേറെ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. കൈനകരി, രാമങ്കരി, ചമ്പക്കുളം ഭാഗങ്ങളില്‍ മടവീണ് ഏക്കറുകണക്കിന് കൃഷി നശിച്ചു

എ.സി.റോഡില്‍ എട്ടിടങ്ങളിലായാണ് വെള്ളംകയറിയത്. റോഡ് തോടായതോടെ വാഹനങ്ങള്‍ പലതും കുടുങ്ങി. വലിയ വാഹനങ്ങള്‍ക്ക് മാത്രമാണ് വലിയ പ്രയാസമില്ലാതെ കടന്നുപോകാനാകു. ഇരുചക്രവാഹനത്തിലെത്തുന്നവരാണ് ബുദ്ധിമുട്ടുന്നത്. മുട്ടറ്റം വെള്ളത്തിലൂടെയാണ് യാത്ര. ഇരട്ടി സമയമെടുത്താണ് പലരും ലക്ഷ്യസ്ഥാനത്ത് എത്തുന്നത്

കിഴക്കന്‍ മേഖലയില്‍നിന്നുള്ള ശക്തമായ കുത്തിയൊഴുക്കാണ് എ.സി.റോഡില്‍ വെള്ളംകയറാന്‍ കാരണം. ഒട്ടേറെ വീടുകളിലും വെള്ളംകയറി. രാമങ്കരി എടമ്പാടി പാഠശേഖരത്തിൽ ഇന്ന് പുലര‍ച്ചെ മടവീണു 70 ഏക്കറിലേറെ കൃഷിനശിച്ചു. മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് പെട്ടൊന്നൊന്നും മാറില്ല. വെള്ളക്കെട്ട് തുടര്‍ന്നാല്‍ സര്‍വീസുകള്‍ വെട്ടിച്ചുരുക്കേണ്ടിവരുമെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചു