ശസ്ത്രക്രിയക്ക് പണം കണ്ടെത്താന്‍ സംഗീത ആല്‍ബവുമായി സുഹൃത്തുക്കള്‍

സംഗീത സംവിധായകന്റെ വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് പണം കണ്ടെത്താന്‍ സംഗീത ആല്‍ബവുമായി സുഹൃത്തുക്കള്‍. ആല്‍ബങ്ങളുടെയും സീരിയലുകളുടെയും സംഗീത സംവിധായകനായ സഞ്ജീവ് ശ്രീനിവാസനേ സഹായിക്കാന്‍ അദ്ദേഹം തന്നെ ഈണമിട്ട ഗാനങ്ങളാണ് ദൃശ്യവത്കരിച്ചിരിക്കുന്നത്. നിലാ എന്ന ആല്‍ബം  തിരുവന്തപുരത്ത് നടന്ന ചടങ്ങില്‍ ഗാനരചയിതാവ് പൂവച്ചല്‍ ഖാദര്‍  പ്രകാശനം ചെയ്തു.  

ഗാനങ്ങള്‍ ഈണമിട്ട്  സ‍ഞ്ജീവ് ശ്രീനിവാസന്‍ വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് സഹായം തേടുകയാണ്. പി ജയചന്ദ്രനും എം.ജി ശ്രീകുമാറും ഉള്‍പ്പെടെ നിരവധി ഗായകര്‍ക്ക് ഗാനമൊരുക്കിയ സ‍ഞ്ജീവിനെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള അവസാനവട്ട ശ്രമത്തിന്റെ ഭാഗമാണ് ഈ ആല്‍ബം. സ‍ഞ്ജീവ് രചനയും സംഗീതവും നിര്‍വഹിച്ച ഗാനങ്ങള്‍ മധു ബാലകൃഷ്ണനും അശ്വതി നായരും ചേര്‍ന്നാണ് പാടിയിരിക്കുന്നത്.  പൂവച്ചല്‍ ഖാദര്‍ നിര്‍മാതാവ് സുരേഷിന് നല്‍കി ആല്‍ബം പ്രകാശനം ചെയ്തു. 

ഇരുവൃക്കകളും തകരാറിലായ സ‍ഞ്ജീവ് ആഴ്ചയില്‍ രണ്ടു തവണ ഡയാലിസിസ് നടത്തി വരികയാണ്. ഒരു മാസം  ഇരുപതിനായിരം രൂപയുടെ മരുന്നിലാണ് ജീവിതം മുന്നോട്ട് പോകുന്നത്. വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് 25 ലക്ഷം രൂപയാണ് സമാഹരിക്കേണ്ടത്. ഇതിനായി സുമനസുകളുടെ സഹായമാണ് സുഹൃത്തുക്കളും സഹപാഠികളും തേടുന്നത്.