അധ്യക്ഷ സ്ഥാനത്തെച്ചൊല്ലി പത്തനംതിട്ട നഗരസഭയിൽ തർക്കം രൂക്ഷം

പത്തനംതിട്ട നഗരസഭാ അധ്യക്ഷ സ്ഥാനത്തെച്ചൊല്ലി രജനി പ്രദീപും ജില്ലാ കോൺഗ്രസ് നേതൃത്വവും ഏറ്റുമുട്ടലിലേക്ക്. രാജിവച്ചൊഴിയാൻ ഡിസിസി നൽകിയ നിർദേശം പാലിക്കില്ലെന്ന നിലപാടിലാണ് നഗരസഭാ അധ്യക്ഷ. പാർട്ടിയെ ധിക്കരിച്ചാൽ സംഘടന നടപടിയിലേക്കു കടക്കാനാണ് ഡി.സി.സി നേതൃത്വത്തിന്റെ നീക്കം.

നഗരസഭ അധ്യക്ഷയായി തിരഞ്ഞെടുത്തിരിക്കുന്നത് അഞ്ചു വർഷത്തേക്കാണെന്നാണ് രജനി പ്രദീപിന്റെ വാദം. അതിനു മുൻപ് ഒഴിയാമെന്ന് ആരോടും സമ്മതിച്ചിട്ടില്ലെന്നും നഗരസഭാ അധ്യക്ഷ പറയുന്നു. പറഞ്ഞ സമയത്തിനുള്ളിൽ രജനി പ്രദീപ് സ്ഥാനം രാജിവയ്ക്കുമെന്നാണ് ഡി.സി.സി നേതൃത്വത്തിന്റെ ഉറപ്പ്. നഗരസഭ അധ്യക്ഷ സ്ഥാനം കൊതിക്കുന്ന ചിലരാണ്സമ്മര്‍ദ്ദത്തിനു പിന്നിലെന്നാണ് രജനി പ്രദീപിന്റെ ആരോപണം. കൗൺസിലിൽ 16 കോൺഗ്രസ് അംഗങ്ങൾ ഉണ്ട്. അതില്‍ 13 പേര്‍ തനിക്കൊപ്പമാണെന്നവാദവും രജനി പ്രദീപ് ഉന്നയിക്കുന്നു. തിരുവല്ല നഗരസഭ അധ്യക്ഷൻ പാർട്ടിയെ അനുസരിക്കാതിരുന്നത് ചൂണ്ടിക്കാട്ടി രജനിക്ക് ആ മാതൃക പിന്തുടരാമെന്ന് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം.പാർട്ടിയെ ധിക്കരിച്ചാൽ സംഘടന നടപടിയിലേക്കു കടക്കണെന്ന അഭിപ്രായമാണ് ഡി.സി.സി നേതൃത്വത്തിന്. സംസ്ഥാന നേതൃത്വവുമായി ആലോചിച്ചു മാത്രമേ ഇക്കാര്യം തീരുമാനിക്കു.