കരമന– കളിയിക്കാവിള റോഡ് വികസനത്തിന്റ രണ്ടാംഘട്ടം നീളും

തിരുവനന്തപുരം കരമന– കളിയിക്കാവിള റോഡ് വികസനത്തിന്റ രണ്ടാംഘട്ടം ഇനിയും നീളും. കരാറിനു കിട്ടിയതു ഒറ്റ ടെന്‍ഡര്‍ മാത്രമായതിനാല്‍ വീണ്ടും ടെന്‍ഡര്‍ ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു. മേയ് 19 നായിരുന്നു ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി.

പ്രാവച്ചമ്പലം മുതല്‍ കൊടിനട വരെയുള്ള അഞ്ച് കിലോമീറ്ററാണ് രണ്ടാം ഘട്ട നിര്‍മാണത്തിലുള്ളത്. 111.5  കോടി രൂപഎസ്റ്റിമേറ്റ് കണക്കാക്കിയ പദ്ധതി ടെന്‍ഡര്‍ ക്ഷണിച്ചപ്പോള്‍ താല‍പര്യം കാട്ടി മുന്നോട്ടെത്തിയത് ഒറ്റ കമ്പനി മാത്രം. ഗതാഗത തിരക്കും സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുമാണ് മറ്റു കമ്പനികളെ പിന്തിരിപ്പിച്ചതെന്നാണ് സൂചന. സ്ഥലമേറ്റെടുത്ത ഇരുവശത്തുള്ള 22 കുടുംബങ്ങളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഇതുവരെയും പരിഹരിച്ചിട്ടില്ല. ഒറ്റ കമ്പനി മാത്രമുള്ളതിനാല്‍ വീണ്ടും ടെന്‍ഡര്‍ ക്ഷണിക്കാനാണ് സര്‍ക്കാര്‍ തീരുമാനം . ഇതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇനിയും നീളുമെന്നു ഉറപ്പായി . കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് പ്രാവച്ചമ്പലം വരെയുള്ള ഒന്നാംഘട്ടം പൂര്‍ത്തിയായത്.രണ്ടാംഘട്ടം വൈകുന്നെന്നാരോപിച്ച് നാട്ടുകാരുടെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രുപീകരിച്ച് സമരം തുടരുകയാണ്. പാത വികസനത്തിനുള്ള93 ശതമാനം സ്ഥലവും ഇതിനോടകം ഏറ്റെടുത്ത് റവന്യുവകുപ്പ് കൈമാറിക്കഴിഞ്ഞു. ഒരുമാസത്തിനകം രണ്ടാമത്തെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.