നിര്‍ധനർക്കു സഹായഹസ്തവുമായി ഒാട്ടോ ഡ്രൈവര്‍മാർ

കാന്‍സര്‍ ഉള്‍പ്പെപ്പെടെയുള്ള രോഗങ്ങളാല്‍ വലയുന്ന നിര്‍ധനരായവര്‍ക്ക് സഹായഹസ്തവുമായി ഒാട്ടോ ഡ്രൈവര്‍മാരുടെ കൂട്ടായ്മ. വൈക്കം വലിയ കവലയിലെ ഓട്ടോറിക്ഷാ തൊഴിലാളികളാണ് ഓട്ടത്തിന്റെ ഇടവേളകളിൽ സ്റ്റാൻഡിൽ ലോട്ടറി വിൽപന നടത്തി രോഗികളെ സഹായിക്കുന്നതിനായി പണം കണ്ടെത്തുന്നത്. നാട്ടുകാരും മറ്റ് സ്റ്റാന്‍ഡുകളില്‍ നിന്നുള്ള ഡ്രൈവര്‍മാരും  ടിക്കറ്റ് വാങ്ങി ഈ ഉദ്യമത്തിന് പിന്തുണ നല്‍കുന്നു

ആശുപത്രികളിലേക്കുള്ള യാത്രക്കിടെ പരിചയപ്പെടുന്ന  രോഗികളുടെ നിസഹായവസ്ഥ കണ്ടറിഞ്ഞതോടെയാണ് ഇത്തരമൊരു സംരംഭത്തിന് ഡ്രൈവര്‍മാര്‍ മുന്നിട്ടിറങ്ങിയത് . പത്തുപേരടങ്ങുന്ന സംഘം സ്വന്തം കൈയ്യിൽ നിന്ന് പണം മുടക്കി ഏജന്‍സികളില്‍ നിന്നും  ലോട്ടറി വാങ്ങിയാണ്  വില്‍പന നടത്തുന്നത്. തുടക്കത്തില്‍ ചെറിയ തുക വീതം ദിവസം മാറ്റി വക്കാമെന്നാലോചിച്ചെങ്കിലും ഇന്ധനചിലവടക്കം വർധിച്ചപ്പോൾ ഇതിന് കഴിയാതെ  പോയി. ഇതോടെയാണ് ഓട്ടം കഴിഞ്ഞുള്ള ഇടവേളകളില്‍ ലോട്ടറി വില്‍പന എന്ന ആശയത്തിലേക്കെത്തിയത്. 

ലാഭത്തിന് പുറമെ ചെലവാകാത്ത ടിക്കറ്റുകള്‍ക്ക് ലഭിക്കുന്ന സമ്മാനതുകയും സമാഹരിച്ചാണ് രോഗികള്‍ക്ക് നല്‍കുന്നത്. സ്റ്റാൻഡിനു മുന്നിൽ ചെറിയ തട്ട് സ്ഥാപിച്ചാണ് കച്ചവടം. ഓട്ടം കഴിഞ്ഞെത്തുന്നവർ മാറി മാറിയിരുന്നാണ് ലോട്ടറി വില്‍പന. മറ്റ് സ്റ്റാന്‍ഡുകളിലെ  ഓട്ടോ തൊഴിലാളികളും ഓട്ടത്തിനിടെ ഇവിടെയെത്തി ടിക്കറ്റ് വാങ്ങാൻ തുടങ്ങി. നാട്ടുകാരുടെ സഹകരണവും കൂടിയായതൊടെ പതിനായ്യായിരത്തിലധികം  രൂപയുടെ ചെറുതല്ലാത്ത ആദ്യ സഹായം കാൻസർ രോഗിക്ക് നൽകുകയാണ് ഈ ഓട്ടോ തൊഴിലാളികൾ.

വൈക്കം ജോയിന്റ് ആർടിഒ, എസ്.ഐ സാഹില്‍, ഡോക്ടര്‍മാര്‍ എന്നിവരെ ഉള്‍പ്പെടെ പങ്കെടുപ്പിച്ചുള്ള ചടങ്ങിലാണ് തുക വിതരണം ചെയ്യുക. ഏതായാലും വൈക്കത്തെ  ഒാട്ടോ ഡ്രൈര്‍മാരുടെ കൂട്ടായ്മ സമൂഹനന്മയ്ക്കായി തിരഞ്ഞെടുത്ത പുതിയ സംരംഭത്തിന് നാള്‍ക്ക് നാള്‍ പിന്തുണയേറി വരികയാണ്.