മാനസികാരോഗ്യകേന്ദ്രങ്ങളിൽ നിന്ന് സുഖം പ്രാപിച്ചവർക്ക് സേനേഹക്കൂട് ഒരുങ്ങുന്നു

മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് സുഖം പ്രാപിച്ചവര്‍ക്കായി  സര്‍ക്കാരിന്റെ സ്നേഹക്കൂടൊരുങ്ങുന്നു. രോഗം ഭേദപ്പെട്ടാലും ആരും ഏറ്റെടുക്കാന്‍ തയാറാകാത്തവര്‍ക്കായാണ് സ്നേഹക്കൂടെന്നപേരില്‍ മലപ്പുറത്താണ് പുനരധിവാസ കേന്ദ്രം തുറക്കുന്നത്.   പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിര്‍വഹിച്ചു. 

തിരുവനന്തപുരം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലെ മാനസികാരോഗ്യ കേന്ദ്രങ്ങളില്‍നിന്ന് സുഖം പ്രാപിച്ച നൂറിലധികമാളുകളെയാണ്  ദി ബെന്യാമിന്‍ ഫൗണ്ടേഷന്‍, ടിസ് ഹാന്‍സ് ഫൗണ്ടേഷന്‍ എന്നീ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ആദ്യഘട്ടത്തില്‍ മലപ്പുറത്തെ സ്നേഹവീട്ടില്‍ പുനരധിവസിപ്പിക്കുന്നത്.

ചികില്‍സാനന്തരം സമൂഹം മാറ്റി നിര്‍ത്തുന്ന ഇത്തരക്കാര്‍ക്ക്  വരുമാനവും പുനരധിവാസവും ഉറപ്പാക്കുകയാണ്  സ്നേഹക്കൂടിന്റെ  ലക്ഷ്യം.നാല് കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പുരുഷന്‍മാര്‍ക്കുവേണ്ടിയുള്ള  ചികില്‍സാ–നിരീക്ഷണ  വാര്‍ഡിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. രോഗികള്‍ക്കും , രോഗം ഭേദപ്പെട്ടവര്‍ക്കും തൊഴില്‍ പരിശീലനവും, വരുമാന മാര്‍ഗവും സ്നേഹക്കൂട് തുറന്നിടുന്നു.