ഓഖി ദുരിതർക്ക് കൈത്താങ്ങായി ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച്

ഓഖി ദുരിത ബാധിതർക്ക് കൈത്താങ്ങുമായി ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച്. നൂറുബോട്ടുകളും ദുരിതബാധിതരായ കുട്ടികളുടെ പഠനത്തിന് സ്കോളർഷിപ്പും സഭ നൽകും. തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് ചേർന്ന സിനഡ് കൗൺസിലാണ് തീരുമാനമെടുത്തത്. 

കഴിഞ്ഞ നാല് ദിവസമായി തിരുവല്ലയ്ക്ക് സമീപം കുറ്റപ്പുഴയിലെ സഭാ ആസ്ഥാനത്ത് നടക്കുന്ന സിനഡിനോട് അനുബന്ധിച്ച് ബിലീവേഴ്സ് ഈസ്റ്റൻ ചർച്ച്  നിരവധി ജീവ കാരുണ്യ  പദ്ധതികൾ നടപ്പിലാക്കാൻ തീരുമാനിച്ചു.  ഓഖി ദുരന്തത്തിൽ  ബോട്ടും വലയും നഷ്ടപ്പെട്ടവർക്കായി നൂറ് ബോട്ടുകൾ നിർമിച്ച് നൽകും. തീരദേശ മേഖലയിൽ നിന്നുള്ള 1500 വിദ്യാർഥികൾക്ക് പഠനോപകരണങ്ങളും ഓഖി ദുരന്തബാധിതരായ 150 കുട്ടികൾക്ക് പഠനത്തിനുവേണ്ടി പ്രത്യേക സ്കോളർഷിപ്പും നൽകും

മുഖ്യമന്ത്രി പിണറായി വിജയൻ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിക്കും. വടക്കേന്ത്യൻ ഗ്രാമങ്ങളിലെ  നിർധനരായ 74000 കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുന്നതിന് 102 കോടിയും ചികിത്സ, ഭക്ഷണം തുടങ്ങിയവ ആവശ്യ സേവനങ്ങൾക്ക്  അഞ്ച് കോടി രൂപയും ബജറ്റിൽ ഉൾപ്പെടുത്തി.  ഇതുവരെ നിർമിച്ച 26000 ന് പുറമേ 5000 ശുചിമുറികൾ കൂടി നിർമിച്ചു നൽകുന്നതിന് 15 കോടിയും ബജറ്റിൽ വകയിരുത്തി.