അരുവിക്കര കുടിവെള്ള പദ്ധതി റിസര്‍വോയറിലെ മാലിന്യനീക്കത്തിന് നടപടിയില്ല

ഏഴു പതിറ്റാണ്ടായി തലസ്ഥാന നഗരത്തിന് കുടിവെള്ളമെത്തിക്കുന്ന അരുവിക്കര കുടിവെള്ളപദ്ധതിയുടെ റിസർവോയറില്‍ നിറഞ്ഞുകിടക്കുന്നത് പ്ലാസ്്റ്റിക് മാലിന്യവും ചെളിയും. ഡാമിന്റെ സംഭരണ ശേഷി പകുതിയായി കുറഞ്ഞിട്ടും മാലിന്യം നീക്കാനായി തയാറാക്കിയ പദ്ധതി നടപ്പായില്ല. ഇത് അരുവിക്കര അണക്കെട്ടിന്റെ ഒരു വശം. പുറമെ നിന്ന് നോക്കുന്നവര്‍ കാണുന്നത് ഇതാണ്.

പ്ലാസ്റ്റിക്കുള്‍പ്പടെയുള്ള മാലിന്യങ്ങള്‍ നിറഞ്ഞ് കിടക്കുന്നു. കുറച്ചു ഭാഗത്തു മാത്രമാണ് ഇപ്പോള്‍ വെള്ളം ശേഖരിക്കാന്‍ സാധിക്കുന്നത്. ഡാമിന്റെ പത്തിരട്ടിയോളം ഭാഗം ചെളിയടിഞ്ഞ്, കാടു വളർന്ന് ചെറിയ തുരുത്തുകളായി മാറി. ചെളി നീക്കം ചെയ്യാനെന്നപേരില്‍ ലക്ഷങ്ങള്‍ ചെലവിട്ട് നടത്തിയ പരിപാടികള്‍ ആദ്യ ഘട്ടത്തില്‍ പാളി.

രണ്ടു മഴ പെയ്താല്‍ ഡാം തുറന്നു വിടേണ്ട അവസ്ഥയാണ്. ഡാമിന്റെ റിസര്‍വോയര്‍ പ്രദേശം 48 ഹെക്ടറുണ്ട്. ചുറ്റിനുമുള്ള പ്രദേശത്ത് കയ്യേറ്റവും വ്യാപകമാണ്.