സർവനാശത്തിന്റെ വക്കോളമെത്തി അരുവിക്കര ഡാം; ചെളി നിറഞ്ഞ് സംഭരണശേഷി കുറഞ്ഞു

തിരുവനന്തപുരം നഗരത്തിന്‍റെ ഏക കുടിവെള്ള സ്രോതസായ അരുവിക്കര സംഭരണി സര്‍വനാശത്തിന്‍റെ വക്കില്‍. മണലും ചെളിയും നിറഞ്ഞതിനാല്‍  സംഭരണശേഷിയുടെ 20 ശതമാനം മാത്രമെ വെള്ളം ഉള്‍ക്കൊള്ളാനാകൂ എന്ന സ്ഥിതിയിലാണ്. മഴയില്ലാതെ നാടാകെ ജല പ്രതിസന്ധി നേരിടുന്നതിനിടെയാണ് അരുവിക്കര ഡാം മണ്ണു നിറഞ്ഞ് പാഴായിപ്പോകുന്നത് . 

 തിരുവനന്തപുരത്തിന്‍റെ ഏക ജല സ്രോതസ്സാണ് അരുവിക്കര ഡാം. മഴയില്ലാതെ, വെള്ളവുമില്ലാതെ വലയുമ്പോഴാണ് കരമനയാറിലെ പ്രധാന സംഭരണി ഇങ്ങനെ നശിക്കുന്നത്. ഇത് മുള്ളിലവിന്‍മൂട് , അരുവിക്കര ജലസംഭരണിയുടെ പടിഞ്ഞാറന്‍ അതിരാണിവിടം. നിറയെ വെള്ളമുണ്ടായിരുന്നിടം ഇന്ന് ചെളിയും മണ്ണും നിറഞ്ഞ് , ഏരപ്പുല്ല് വളര്‍ന്ന് കരഭൂമിയായി മാറിക്കഴിഞ്ഞു. 

അരുവിക്കരസംഭരണിയുടെ  ഷട്ടറുകള്‍ക്ക് സമീപം മാത്രമാണ് അല്‍പ്പമെങ്കിലും വെള്ളമുള്ളത്. അത്പോലും മൂന്നോ, നാലോ മീറ്റര്‍ ആഴത്തില്‍ മാത്രം. 48 ഹെക്ടര്‍ വിസ്തൃതിയുള്ള അരുവിക്കര ഡാമിന്‍റെ  70 ശതമാനത്തിലേറെ പ്രദേശവും മണ്ണും ചെളിയും മൂടി പായലും പുല്ലും നിറഞ്ഞ് കരയായി മാറിക്കഴിഞ്ഞുവെന്ന് ജലഅതോറിറ്റി പോലും സമ്മതിക്കുന്നു. ഇതോടെ വേനലായാലും മഴയായാലും സംഭരണി എന്ന നിലയിലുള്ള ഉപയോഗമില്ലാത്ത വെറുമൊരു തടയണയായിക്കഴിഞ്ഞു അരുവിക്കര. രണ്ട് ദശലക്ഷം മെട്രിക്ക് ക്യുബ് വെള്ളം സംഭരിക്കാവുന്ന ഡാമില്‍ മുക്കാലും ചെളിയും മണലും എക്കലുമാണ്. 40 ലക്ഷം പേര്‍ ആശ്രയിക്കുന്ന കേരളത്തിലെ ഏറ്റവും പഴക്കമുള്ള ഡാമുകളിലൊന്നാണ് ഇങ്ങനെ നശിച്ചുപോകുന്നത്.