ഓഖി; അച്ഛൻ വരുമെന്ന പ്രതീക്ഷയിൽ ഈ മക്കൾ

ഓഖി ദുരന്തം വിതറി രണ്ടാഴ്ച പിന്നിടുമ്പോള്‍ തീരത്ത് വിതച്ച നികത്താനാവാത്ത നഷ്ടങ്ങളുടെ ആഴം ഇരട്ടിയാവുകയാണ്. പൂന്തുറയില്‍ മൂന്ന് പെണ്‍കുട്ടികളടക്കം നാല് കുട്ടികളെ അനാഥരാക്കി മാറ്റിയിരിക്കുകയാണ് കടലിന്റെ കലി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമ്മ മരിച്ച കുട്ടികളുടെ ഏക തണലായിരുന്ന അച്ഛനെ ഇതുവരെ കണ്ടെത്താതയതോടെയാണ് നാല് കുട്ടികളുടെ പഠനവും ജീവിതവുമെല്ലാം പ്രതിസന്ധിയിലായിരിക്കുന്നത്. സ്റ്റെഫിയും പ്രജിതയും കടല്‍ക്കരയിലെ കാത്തിരിപ്പ് അവസാനിപ്പിച്ചിട്ടില്ല. കടലില്‍ പെട്ട പതിനാറ് ദിവസമായെങ്കിലും അച്ഛന്‍ തിരികെ വരുമെന്ന പ്രതീക്ഷ കയ്യൊഴിഞ്ഞാല്‍ ആ നിമിഷം മുതല്‍ ഇവര്‍ അനാഥരാണ്. 

പൂന്തുറ സ്വദേശി സ്റ്റീഫന്റെ മക്കളാണിവര്‍. മൂന്ന് പെണ്‍കുട്ടികളും ഒരാണ്‍കുട്ടിയും. അമ്മ മേരി സുനി ഏഴ് വര്‍ഷം മുന്‍പ് മരിച്ചു. പിന്നെ എല്ലാമെല്ലാമായിരുന്ന അച്ഛനെയാണ് ഇപ്പോള്‍ കടലെടുത്തിരിക്കുന്നത്. ഇനി ഇവര്‍ക്കുള്ളത് കാന്‍സര്‍ രോഗിയായ അച്ഛന്റെ അമ്മ മാത്രം. മൂത്തമകള്‍ സ്റ്റെഫി ബി.എയ്ക്കും രണ്ടാമത്തെ കുട്ടി ഷീജ എന്‍ജിനീയറിങിനും പ്രജിത നഴ്സിങിനും പഠിക്കുന്നു. ഏറ്റവും ഇളയ സഹോദരന്‍ സുജിത്ത് ഡിപ്ളോമ വിദ്യാര്‍ഥി. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നേരത്തെ തന്നെ ഒരു സന്നദ്ധ സംഘടന ഏറ്റെടുത്തിട്ടുള്ളതിനാല്‍ പഠനാകാര്യത്തില്‍ താല്‍കാലിക ആശ്വാസമുണ്ട്. പക്ഷെ തുടര്‍ ജീവിതമെങ്ങിനെയെന്ന് ഉത്തരമില്ല. സ്റ്റീഫന് സ്വന്തമായി വീടില്ലാത്തതിനാല്‍ ഹോസ്റ്റലിലെ പഠനം കഴിഞ്ഞ് തിരികെയെത്താന്‍ വീടുപോലുമില്ലാത്തവരാക്കി മാറ്റിയിരിക്കുകയാണ് ഈ കുട്ടികളെ കടല്‍ ദുരന്തം.