ക്രഷറര്‍ യൂണിറ്റില്‍നിന്നുള്ള മാലിന്യം തോട്ടില്‍ തള്ളി

പത്തനംതിട്ട ആനിക്കാട് പഞ്ചായത്തിലെ പുന്നവേലി വലിയതോട്ടില്‍ ക്രഷറര്‍ യൂണിറ്റില്‍നിന്നുള്ള മാലിന്യം തള്ളിയതായി പരാതി. തോടിന്‍റെ ആവാസവ്യവസ്ഥ നശിപ്പിച്ചവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് അധികൃതരെ സമീപിക്കാനൊരുങ്ങുകയാണ് നാട്ടുകാര്‍.

കോട്ടയം പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തിയിലുള്ള ആനിക്കാട് പഞ്ചായത്തിലെ പ്രധാന ജലസ്രോതസാണ് പുന്നവേലി വലിയതോട്. പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളിലൂടെ കടന്നുപോകുന്ന തോട്ടില്‍ കഴിഞ്ഞ ദിവസംമുതല്‍ നിറംമാറ്റമുണ്ടായതായി നാട്ടുകാര്‍ പറയുന്നു. പിന്നാലെ മല്‍സ്യങ്ങള്‍ ചത്തുപൊങ്ങുകയും ചെയ്തു. സമീപത്തെ ക്വാറികളില്‍നിന്നും മെറ്റല്‍ ക്രഷര്‍ യൂണിറ്റുകളില്‍നിന്നുമുള്ള മാലിന്യമാണ് തോട് മലിനമാക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

തോടിനോട് ചേര്‍ന്നുള്ള ഐരാര്‍ പാടശേഖരത്തിലെ കൃഷിയെയും മാലിന്യപ്രശ്നം പ്രതികൂലമായി ബാധിച്ചു. വെള്ളത്തിന്‍റെ നിറംമാറ്റം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ സമരത്തിന് ഒരുങ്ങുകയാണ്.