ചെങ്ങന്നൂരില്‍ മണ്ഡലകാല ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ശബരിമല മണ്ഡലകാലത്തെ തിരക്ക് കൈകാര്യം ചെയ്യുന്നതിനേ് ചെങ്ങന്നൂരില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി അധികൃതര്‍. ചെങ്ങന്നൂരില്‍നിന്നുമാത്രം മുപ്പത് ബസുകളാണ് സര്‍വീസ് നടത്തുന്നത്.

ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ളവരടക്കം ഏറ്റവുമധികം അയ്യപ്പഭക്തര്‍ ട്രെയിനില്‍വന്നിറങ്ങുന്ന സ്ഥലമാണ് ചെങ്ങന്നൂര്‍. തീര്‍ഥാടകരടുടെ സൗകര്യാര്‍ഥം മുപ്പത്തിനാല് സ്പെഷല്‍ ട്രെയിനുകളാണ് ഇത്തവണ റയില്‍വേ അനുവദിച്ചിരിക്കുന്നത്. ട്രെയിന്‍മാര്‍ഗവും അല്ലാതെയും ചെങ്ങന്നൂരിലെത്തുന്ന തീര്‍ഥാടകര്‍ക്ക് പമ്പയിലേക്ക് പോകുന്നതിനായി മുപ്പത് ബസുകള്‍ സര്‍വീസ് നടത്തും. ഇതിനായി റയില്‍വേ സ്റ്റേഷനില്‍ ഒരുക്കിയിരിക്കുന്ന താല്‍ക്കാലിക ബസ് സ്റ്റേഷനും, ചെങ്ങന്നൂര്‍ ഡിപ്പോയും ഉപയോഗപ്പെടുത്തും. സര്‍വീസുകളുടെ നിയന്ത്രണത്തിനായി നാല് ഇന്‍സ്പെക്ടര്‍മാരെ താല്‍ക്കാലികമായി അനുവദിച്ചിട്ടുണ്ട്. തിരക്ക് വര്‍ധിക്കുന്നതിന് അനുസരിച്ച് കൂടുതല്‍ സര്‍വീസുകള്‍ നടത്തുമെന്നും കെ.എസ്.ആര്‍.ടി.സി അറിയിച്ചു.

ചെങ്ങന്നൂര്‍ നഗരസഭയിലെ അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് സര്‍ക്കാര്‍ ഫണ്ട് വൈകിയത് നഗസഭാതലത്തിലുള്ള ഒരുക്കങ്ങള്‍ക്ക് തടസം സൃഷ്‌ടിച്ചിരുന്നു. തീര്‍ഥാടകര്‍ക്കായി റയില്‍വേ സ്റ്റേഷനിലും കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലും എല്ലാ ദക്ഷിണേന്ത്യന്‍ ഭാഷകളിലുമുള്ള അന്വേഷണ വിഭാഗവും ഉടന്‍ പ്രവര്‍ത്തന സജ്ജമാകും.