പന്തളത്ത് സ്ഥിരം സംവിധാനം വേണമെന്ന ആവശ്യം ശക്തം

ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് പന്തളത്ത് സ്ഥിരം സംവിധാനം വേണമെന്ന ആവശ്യം ശക്തം. തിരുവാഭരണ ദർശനവും തിരുവാഭരണ ഘോഷയാത്രയോടനുബന്ധിച്ചും ആയിരക്കണക്കിന് ഭക്തർ പന്തളത്തും എത്താറുണ്ട്. എന്നാൽ ഒരുക്കങ്ങൾ പേരിനു മാത്രമാണെന്ന ആക്ഷേപം നിലനിൽക്കുകയാണ്. 

ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് പന്തളത്ത് സ്ഥിരമായ സൗകര്യങ്ങൾ വേണമെന്നാണ് ആവശ്യം. ഫയർഫോഴ്സ്, പാർക്കിങ് സൗകര്യം, ക്ഷേത്രത്തോടു ചേർന്നൊഴുകുന്ന അച്ചൻകോവിലാറിലെ സുരക്ഷ, തടയണ, എന്നിവയ്ക്ക് സ്ഥിരം സംവിധാനം ഒരുക്കണം. കെഎസ്ആർടിസി ബസ് സ്റ്റാൻഡ് നവീകരണം, പൊതുശുചി മുറികൾ എന്നിവയും ആവശ്യങ്ങളാണ്.എം.സി റോഡിനോടു ചേർന്നുള്ള ആശുപത്രികളിൽ ട്രോമാകെയർ സംവിധാനവും വേണമെന്നാണ് ഭക്തർ അശ്യപ്പെടുന്നത്. 

ഇപ്പോൾ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനൊപ്പം തിരക്കു നിയന്ത്രിക്കാനും സുരക്ഷയ്ക്കുമായി നൂറിലധികം പൊലീസുകാരെ വിന്യസിക്കും. ക്യാമറകളും സ്ഥാപിക്കും. മേൽനോട്ടത്തിനായി അർഡിഒ കൺവീനറായി സമിതിയും പ്രവർത്തിക്കും. വരും വർഷങ്ങളിൽ കൂടുതൽ സ്വകര്യങ്ങൾക്കായി പദ്ധതികൾ ആവിഷ്ക്കരിക്കുമെന്നാണ് അധികൃതർ പറയുന്നത്.