ഓൺലൈൻ പണം തട്ടിപ്പ്; രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ

ഓൺലൈൻ വാണിഭത്തിന്റെ പേരിൽ കൊച്ചിയിലെ വ്യവസായിയിൽ നിന്ന് ഒരു കോടിയോളം രൂപ തട്ടിയെടുത്ത രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ. തട്ടിപ്പിന് പിന്നിൽ ഉത്തരേന്ത്യയിലെ വൻ സംഘം പ്രവർത്തിക്കുന്നതായി തിരുവനന്തപുരം സൈബർ ക്രൈം പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. 

രാജസ്ഥാൻകാരനായ ജയേഷ് കുമാർ അഗർവാൾ.കണ്ടാൽ നിസാരനെങ്കിലും മുംബൈ നഗരത്തിൽ രണ്ട് ആഡംബര ഫ്ളാറ്റുകളും ബിസിനസ് സ്ഥാപനവുമുണ്ട്. അതെല്ലാം ഉണ്ടാക്കിയത് ഓൺലൈൻ വാണിഭത്തിന്റെ പേരിൽ പലരിൽ നിന്നായി കോടികൾ തട്ടിയെടുത്തെന്നാണ് സൈബർ ക്രൈം പൊലീസ് കണ്ടെത്തിയത്. കൊച്ചിയിലെ വ്യവസായിയെ കബളിപ്പിച്ച് ഒരു കോടിയോളം തട്ടിയ കേസിലാണ് ഇപ്പോൾ പിടിയിലായത്. വ്യവസായിയുമായി ഓൺലൈനിലൂടെ പരിചയപ്പെട്ടാണ് തട്ടിപ്പ് തുടങ്ങിയത്. ഒടുവിൽ ആയുർവേദ ഉൽപ്പന്നമായ ടാഗ്രി റൂട്സ് ഇംഗ്ളണ്ടിലേക്ക് വേണമെന്നും പണം നൽകാമെന്നും ഈ സംഘം വ്യവസായിയോടെ ആവശ്യപ്പെട്ടു. ആ കച്ചവടത്തിന്റെ മറവിലാണ് പലപ്പോഴായി കോടികൾ വിവിധ അക്കൗണ്ടുകളിലേക്ക് വാങ്ങിയത്. 

ജയേഷിനെ കൂടാതെ നൈജീരിയക്കാരടക്കമുള്ളവർ ഈ തട്ടിപ്പ് സംഘത്തിലുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. വ്യാജ സിം കാർഡുകളും അക്കൗണ്ടുകളുമെല്ലാം ഉപയോഗിച്ചാണ് തട്ടിപ്പ്. കേരളത്തിൽ ഇത്തരം തട്ടിപ്പുകൾ വ്യാപകമാകുന്നതായി കണ്ടതോടെയാണ് സൈബർ പൊലീസ് അന്വേഷണം ഊർജിതമാക്കിയത്.