പത്തനംതിട്ട നിരണം പഞ്ചായത്തില്‍ അനര്‍ഹര്‍ക്കാണ് ബി.പി.എല്‍ കാര്‍ഡുകള്‍ കിട്ടിയതെന്ന് വ്യാപക പരാതി. പഴയ പട്ടികപ്രകാരം ബി.പി.എല്‍ കാര്ഡുണ്ടായിരുന്നവര്ക്ക് ഇത്തവണ കൂട്ടത്തോടെ എ.പി.എല്‍ കാര്‍ഡ് കിട്ടിയതോടെയാണ് അപാകത ശ്രദ്ധയില്‍പ്പെട്ടത്.
ഇത് മുഹമ്മദ് നിസാര്‍. നിരണം പഞ്ചായത്തിലെ വടക്കുംഭാഗത്തുള്ള 145ാം നമ്പര്‍ റേഷന്‍ വിതരണ കേന്ദ്രത്തിലെ ഉപഭോക്താവ്. എണ്‍പത് ശതമാനം വൈകല്യമുള്ള ഇദ്ദേഹത്തിന് മുന്പുണ്ടായിരുന്നത് എഎവൈ കാര്‍ഡ്. ഇത്തവണ ലഭിച്ചത് ബി.പി.എല്‍ കാര്‍ഡ്. പക്ഷേ ഇതിലേറെ കഷ്ടമാണ് മറ്റുള്ളവരുടെ അവസ്ഥ. സ്വന്തമായി ചെറ്റക്കുടില്മാത്രമുള്ളവര്ക്കുവരെ കിട്ടിയത് എ.പി.എല്‍ കാര്‍ഡ്. പ്രദേശത്തുമാത്രം നൂറിലധികംപേരാണ് ഇത്തരത്തില്‍ ബി.പി.എല്‍ പട്ടികയില്‍നിന്ന് പുറത്തായത്.
കൂട്ടത്തോടെ ബി.പി.എല്‍ പട്ടികയില്‍നിന്ന് പുറത്തായെങ്കിലും ഇവരുടെയെല്ലാം മാസവരുമാനം ഇപ്പോഴും അഞ്ഞൂറ് രൂപയില്‍താഴെയാണ്. സര്‍ക്കാരിന്റെ ആശ്രയ പദ്ധതിയില്‍ ഉള്പ്പെട്ടിട്ടുള്ളവര്ക്കുവരെ ഇത്തവണ കിട്ടിയത് എ.പി.എല്‍ കാര്‍ഡ്.
നല്ല സാമ്പത്തിക സ്ഥിതിയുള്ളവര്ക്കുവരെ എ.എ.വൈ കാര്‍ഡ് ലഭിച്ചിട്ടുണ്ടെന്നാണ് നാട്ടുകാരുടെ ആക്ഷേപം. കാര്‍ഡ് വിതരണത്തിലെ അപാകതയ്ക്കെതിരെ ജില്ലാ സപ്ലൈ ഓഫിസര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് നാട്ടുകാര്‍.