wayanad

മുണ്ടക്കൈ-ചൂരൽമല നിവാസികളുടെ പ്രതീക്ഷകൾക്ക് മേൽ വീണ്ടും അനിശ്ചിതത്വത്തിന്റെ കരിനിഴൽ വീഴുകയാണ്. കൽപ്പറ്റയിൽ സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പ് പദ്ധതിയിലെ 16 വീടുകളുടെ നിർമ്മാണമാണ് കോടതി ഇടപെടലിനെ തുടർന്ന് വഴിമുട്ടി നിൽക്കുന്നത്. നിർമ്മാണ പുരോഗതിക്കൊപ്പം വീടുകളുടെ എണ്ണത്തെച്ചൊല്ലിയുള്ള ആശയക്കുഴപ്പവുമുണ്ട്.

ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് തലചായ്ക്കാൻ ഒരു കൂരയൊരുക്കാനുള്ള കൽപറ്റ ടൗൺഷിപ്പ് പദ്ധതിയിലാണ് പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളി ക്വാർട്ടേഴ്സുകളിൽ താമസിക്കുന്നവർ നൽകിയ ഹർജിയെത്തുടർന്ന് 16 വീടുകളുടെ നിർമ്മാണമാണ് അനിശ്ചിതത്വത്തിലായത്. സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക തീർത്തും അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തൊഴിലാളികൾ കോടതിയെ സമീപിച്ചത്. സ്വന്തമായി ഭൂമിയുള്ളവർക്ക് 1.6 ലക്ഷം രൂപയും, ഭൂമിയില്ലാത്ത ഒരു കുടുംബത്തിന് 3 ലക്ഷം രൂപ അധികമായും സർക്കാർ അനുവദിച്ചിരുന്നു. എന്നാൽ, ഈ തുക കൊണ്ട് പരിസര പ്രദേശങ്ങളിൽ വീടിനാവശ്യമായ ഭൂമി വാങ്ങാനാകില്ലെന്നാണ് തൊഴിലാളികളുടെ നിലപാട്. അതേസമയം ടൗൺഷിപ്പിലെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണ്.

149 വീടുകളുടെ കൈമാറ്റം നവംബറിൽ ഉണ്ടാകുമെന്നാണ് സർക്കാർ പ്രഖ്യാപനം. ടൗൺഷിപ്പിലെ ആകെ വീടുകളുടെ എണ്ണത്തെച്ചൊല്ലിയും ആശയക്കുഴപ്പം തുടരുകയാണ്. 410 വീടുകൾ നിർമ്മിക്കാനായിരുന്നു ആദ്യ തീരുമാനമെങ്കിലും, ചൂരൽമല വില്ലേജ് റോഡിൽ ഗോത്രവിഭാഗക്കാർക്കായി നിർമ്മിക്കുന്ന 13 വീടുകൾ കൂടി ഉൾപ്പെടുത്തിയാണ് ഈ കണക്കെന്നാണ് അധികൃതരുടെ വിശദീകരണം. ഇതോടെ കൽപറ്റ ടൗൺഷിപ്പിലെ വീടുകളുടെ എണ്ണം 397 ആയി കുറഞ്ഞതായും, അർഹരായ പലരും പട്ടികയ്ക്ക് പുറത്താകാനിടയുണ്ടെന്നും ദുരന്തബാധിതർ ആശങ്കപ്പെടുന്നു.

ENGLISH SUMMARY:

Kalpetta township project faces fresh uncertainty as a court intervention halts the construction of 16 houses meant for disaster victims. The delay adds to the growing concerns of Wayanad landslide survivors regarding compensation and final housing numbers.