പ്രവാസഭൂമിയിൽ മൂന്നരപ്പതിറ്റാണ്ട് വിയർപ്പൊഴുക്കി പടുത്തുയർത്തിയ സ്വപ്നഭവനം ഒരൊറ്റ നിമിഷം കൊണ്ട് കള്ളാടിയിലെ ദുരന്തഭൂമിയിൽ മണ്ണടിഞ്ഞു. ഉംറ കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ സ്വന്തം കിടപ്പാടം നഷ്ടപ്പെട്ട അഷ്റഫ് ഇപ്പോൾ വാടക കൊടുക്കാൻ പോലും പറ്റാതെ മറ്റൊരു തീരാദുരിതത്തിലാണ്. തുരങ്കപ്പാത കമ്പനിയും ഭരണകൂടവും നൽകിയ വാഗ്ദാനങ്ങൾ വെറും പാഴ്വാക്കായി മാറിയതോടെ, കളക്ടറേറ്റിലും പഞ്ചായത്ത് ഓഫീസിലും കയറിയിറങ്ങുകയാണ് അഷ്റഫ്.
മരുഭൂമിയിലെ ചുട്ടുപൊള്ളുന്ന വെയിലിൽ മുപ്പത്തിയാറ് വർഷം അധ്വാനിച്ച് ചോരനീരാക്കി കെട്ടിപ്പടുത്ത വീടായിരുന്നു അഷ്റഫിന്റേത്. ചുറ്റുമതിൽ കെട്ടി, തറയോട് പാകി മോടിപിടിപ്പിച്ച ആ സ്വപ്നക്കൂട്, ഇരച്ചെത്തിയ മലവെള്ളപ്പാച്ചിലിൽ നിമിഷങ്ങൾ കൊണ്ടാണ് കല്ലിലും മണ്ണിലും അമർന്നില്ലാതായത്. അന്ന് സർക്കാർ നൽകിയ ഉറപ്പിന്റെ ബലത്തിൽ. ദുരന്തം കവർന്ന മണ്ണിൽ നിന്ന് മേപ്പാടിയിൽ ഒരു വാടകവീട്ടിൽ അഭയം തേടി. എന്നാൽ അഷ്റഫിന്റെ കണ്ണീരൊപ്പാൻ അധികാരികൾ ആരും എത്തിയില്ല. പ്രതിമാസം 15,000 രൂപയാണ് വീട്ടുവാടക. തുരങ്കപ്പാതയുടെ നിർമ്മാണക്കമ്പനിയായ ദിലീപ് ബിൽഡ്കോൺ വാടക പൂർണമായും നൽകാമെന്ന് ഏറ്റതായിരുന്നു. എന്നാൽ കഴിഞ്ഞ മൂന്നുമാസമായി ലഭിക്കുന്നത് വെറും 9000 രൂപ മാത്രം. ബാക്കി തുക സ്വന്തം നൽകേണ്ട അവസ്ഥയിലാണ് അഷ്റഫ്. ഈ മാസം പകുതി പിന്നിട്ടിട്ടും കിട്ടാനുള്ള വാടക ലഭിച്ചിട്ടില്ല.
പഞ്ചായത്ത് തെറ്റായ വിവരം നൽകിയതാണ് തുക കുറയാൻ കാരണമെന്നാണ് കരാർ കമ്പനിയുടെ വാദം. എന്നാൽ കമ്പനിയോട് ശുപാർശ നൽകാൻ തങ്ങൾക്ക് അധികാരമില്ലെന്ന് പഞ്ചായത്തും കൈമലർത്തുന്നു. ഉരുൾപൊട്ടൽ ബാധിതർക്ക് സർക്കാർ താങ്ങായപ്പോഴും, കള്ളാടിയിൽ ഒറ്റപ്പെട്ടുപോയ അഷ്റഫിന് വാഗ്ദാനങ്ങൾ മാത്രമാണ് ബാക്കി. നഷ്ടപരിഹാര ശുപാർശകൾ ഫയലുകളിൽ കുരുങ്ങിക്കിടക്കുമ്പോൾ, ഒരു ആയുസ്സിന്റെ സമ്പാദ്യം മുഴുവൻ മണ്ണടിഞ്ഞ് വാടകവീടിന്റെ വാതിലിൽ നിസ്സഹായനായി നിൽക്കുകയാണ് ഈ മനുഷ്യൻ.