kerala-strory-news

TOPICS COVERED

ജാതിമത ഭേദങ്ങൾക്കപ്പുറം മനുഷ്യസ്നേഹത്തിന്റെ ഉദാത്ത മാതൃകയായി വയനാട് ചിത്രഗിരിയിലെ രണ്ട് മുസ്ലിം സഹോദരങ്ങൾ. അരനൂറ്റാണ്ടോളം ഒറ്റയ്ക്ക് ജീവിച്ച കല്യാണിയമ്മ എന്ന വയോധികയ്ക്ക് സ്വന്തം മക്കളെപ്പോലെ തണലൊരുക്കിയത് റസാഖും കുടുംബവുമാണ്. ഒടുവിൽ കല്യാണിയമ്മ വിടവാങ്ങിയപ്പോൾ ഹൈന്ദവാചാരപ്രകാരം ചിതയ്ക്ക് തീകൊളുത്തി ആ മക്കൾ അന്ത്യയാത്ര നൽകി.

ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകൾക്കപ്പുറം മനുഷ്യത്വത്തിന്റെ ചൂടും ചൂരുമേറ്റ് അവസാന ആറടിയിലേക്ക് കല്യാണിയമ്മ യാത്രയായി. മതമേതെന്ന് ആ ചിത ചോദിച്ചില്ല; മതമേതായാലും മനുഷ്യത്വത്തിനാണ് മൂല്യമെന്ന് മനസ്സിലെരിച്ചിടാൻ ഒരന്ത്യയാത്രയിൽ ആ അമ്മയ്ക്കും മക്കൾക്കുമായി. അരനൂറ്റാണ്ടോളം ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന കല്യാണിയമ്മയ്ക്ക് സ്വന്തം പെറ്റമ്മയ്ക്കെന്ന പോലെയാണ് റസാഖും കുടുംബവും തണലൊരുക്കിയത്. വാർധക്യവും അസുഖങ്ങളും തളർത്തിയപ്പോഴും, പിന്നീട് തീപ്പൊള്ളലേറ്റപ്പോഴും അവർ ആ അമ്മയെ ഒറ്റയ്ക്കാക്കിയില്ല. കഴിഞ്ഞ കുറെ മാസങ്ങളായി റസാഖിന്റെ വീട്ടിലായിരുന്നു താമസം. ആശുപത്രിയിലെത്തിക്കാനും മരുന്നുകൾ വാങ്ങാനും സ്വന്തം മക്കളെപ്പോലെ റസാഖും കുടുംബവും ഒപ്പമുണ്ടായിരുന്നു. 

റസാഖിന്റെ കുടുംബം കല്യാണിയമ്മയ്ക്ക് സ്വന്തം വീടായി മാറി. ഒടുവിൽ മരണക്കിടക്കയിലും അവർ ആ അമ്മയ്ക്കരികിലുണ്ടായിരുന്നു. അന്ത്യകർമങ്ങൾ ചെയ്യാൻ ആരുമില്ലെന്നറിഞ്ഞപ്പോൾ ആ മക്കൾ മറ്റൊന്നും ചിന്തിച്ചില്ല. ആണ്ടൂർ കുറ്റിഞ്ഞിലകം ഹിന്ദുശ്മശാനത്തിൽ, ഹൈന്ദവാചാരപ്രകാരം കർമിയുടെ നിർദേശങ്ങൾ പാലിച്ച് അവർ അമ്മയുടെ ചിതയ്ക്ക് തീകൊളുത്തി.    മണ്ണിലേക്ക് മടങ്ങുമ്പോൾ മനുഷ്യന് സ്നേഹമല്ലാതെ മറ്റൊരു മതമില്ലെന്ന് ഒരു നാടിനെയാകെ ഓർമിപ്പിച്ചാണ് കല്യാണിയമ്മ വിടവാങ്ങിയത്.

ENGLISH SUMMARY:

Demonstrating an inspiring model of communal harmony, two Muslim brothers in Wayanad performed the last rites for an elderly Hindu woman named Kalyani Amma as per Hindu traditions. Kalyani Amma, who had lived alone for nearly half a century, was cared for like a mother by Razaq and his family during her final months when age and illness took a toll on her health.