ബന്ധങ്ങളുടെ തുരുത്തിൽ ആരോരുമില്ലാതെ കഴിഞ്ഞിരുന്ന വയോധിക. അവര്‍ക്ക് മതത്തിന്റെ മതില്‍ക്കെട്ടിനും രക്തബന്ധങ്ങളുടെ ആഴത്തിനും അപ്പുറം സ്വന്തം പെറ്റമ്മയ്ക്കെന്ന പോലെ കരുതലിന്റെ കാവൽക്കാരായ രണ്ടു സഹോദരന്മാർ. ഒടുവില്‍ അന്ത്യയാത്രയില്‍ കര്‍മങ്ങള്‍ നടത്തിയതും അന്യമതസ്ഥരായ അതേ സഹോദരങ്ങള്‍. വയനാട് ചിത്രഗിരി ക്ലബ്ബുമുട്ടത്തെ കല്യാണിയമ്മ (85) ഈ ലോകത്തോടു വിടപറഞ്ഞപ്പോൾ അയൽക്കാരായ കാപ്പൻ റസാക്കും സഹോദരൻ സുലൈമാനും ചേര്‍ന്നാണ് മൃതദേഹം ചിതയിലേക്കെടുത്തത്. ഹൈന്ദവ ആചാര പ്രകാരമുള്ള അന്ത്യകർമങ്ങൾ നടത്തിയശേഷം അവർ ആ അമ്മയുടെ ചിതയ്ക്ക് തീ പകർന്നു.
അമ്പതു വർഷത്തോളം കല്യാണിയമ്മ തനിച്ചായിരുന്നു. എന്നാല്‍ ഒരിക്കലും കാപ്പൻ റസാക്കും സുലൈമാനും അവരുടെ കുടുംബവും കല്യാണിയമ്മയെ അന്യയെപ്പോലെ കണ്ടില്ല. അനാഥത്വത്തിലേയ്ക്ക് വീഴാതെ അവർ കൂട്ടായിനിന്നു. വാർധക്യവും രോഗവും തളർത്തി കല്യാണിയമ്മ കിടപ്പിലായിട്ടും മക്കളെപ്പോലെ അവർ ശുശ്രൂഷിച്ചു. ചികിത്സയ്ക്ക് ആശുപത്രിയിലെത്തിച്ചു, മരുന്നടക്കമുള്ളതെല്ലാം കൃത്യമായി വീട്ടിലെത്തിച്ചു. പരസഹായമില്ലാതെ കിടന്നപ്പോള്‍ റസാഖിന്റെ ഭാര്യ അമ്മയെപ്പോലെ അവരെ പരിചരിച്ചു. ഈ നാളുകളത്രയും കല്യാണിയമ്മയ്ക്ക് തണലൊരുക്കി.
കല്യാണിയമ്മ വിടപറയുമ്പോഴും മരണക്കിടക്കയ്ക്കു സമീപം ആ കുടുംബം ഒപ്പമുണ്ടായിരുന്നു. അന്ത്യകർമങ്ങൾ ചെയ്യാൻ ആരുമില്ലെന്ന് മനസിലാക്കിയപ്പോള്‍, അതും ഈ സഹോദരങ്ങൾ ഏറ്റെടുത്തു. ആണ്ടൂർ കുറ്റിഞ്ഞിലകം ഹിന്ദു ശ്മശാനത്തിൽ നടന്ന സംസ്കാരച്ചടങ്ങുകളിൽ, ഐവർമഠത്തിലെ കർമിയുടെ നിർദേശങ്ങൾ പാലിച്ച് അവർ കർമങ്ങൾ പൂർത്തിയാക്കി. മനുഷ്യൻ മണ്ണിനോടു ചേരുമ്പോൾ ജാതിക്കും മതത്തിനും അവിടെ സ്ഥാനമില്ലെന്ന് അവർ സമൂഹത്തോടെ പറയാതെ പറയുകയായിരുന്നു.