nattusoothram

മാലിന്യ ശേഖരണ കേന്ദ്രമെന്നാൽ മൂക്കുപൊത്തി മാത്രം നടന്നുപോകേണ്ട ഒരിടമാണെന്ന പൊതുധാരണയെ തിരുത്തിക്കുറിക്കുകയാണ് വയനാട്ടിലെ നൂൽപ്പുഴ പഞ്ചായത്ത്. മാലിന്യം മാത്രമല്ല, കർഷകരുടെ അധ്വാനവും ഒരു നാടിന്റെ നന്മയും ചേർത്തുവെച്ച് പുതിയൊരു കാർഷിക വിപ്ലവത്തിന് തിരിതെളിച്ചിരിക്കുകയാണ് ഇവിടുത്തെ ഹരിതകർമസേന. പൂക്കളും പച്ചക്കറികളുമായി അവർ നാടിന്റെ മുഖച്ഛായ തന്നെ മാറ്റിയെഴുതുന്നു.

നാടിനെ മാലിന്യമുക്തമാക്കാൻ നാട്ടിടവഴികളിലൂടെ കർമനിരതരായി നീങ്ങുന്ന ഹരിതകർമസേനയുടെ കൈകളിൽ ഇന്ന് നാടിന്റെ ശുചിത്വം മാത്രമല്ല ഭദ്രം, മറിച്ച് വയനാടൻ മണ്ണിന്റെ ജീവശ്വാസം കൂടിയുണ്ട്. മാസത്തിൽ പത്തു ദിവസത്തെ മാലിന്യ ശേഖരണം എന്ന പരിമിതിയിൽ ഒതുങ്ങിനിൽക്കാതെ, കൂടുതൽ തൊഴിൽ ദിനങ്ങളും സ്ഥിരവരുമാനവും സ്വപ്നം കണ്ടാണ് നൂൽപ്പുഴയിലെ മുപ്പത്തിയെട്ടോളം വരുന്ന പച്ച കുപ്പായക്കാർ ഒരുമിച്ചിറങ്ങിയത്. അങ്ങനെ കല്ലൂർ അറുപത്തേഴിലെ ദുർഗന്ധം വമിച്ചിരുന്ന മാലിന്യകേന്ദ്രം വൃത്തിയാക്കി മുക്കാൽ ഏക്കറോളം വരുന്ന തരിശുഭൂമിയിൽ ചെണ്ടുമല്ലി കൃഷിയിറക്കി.

 അങ്ങനെ ഒരു കാലത്ത് മൂക്കുപൊത്തി ആളുകൾ നടന്നിരുന്ന എം.സി.എഫ് പരിസരം ഇങ്ങനെയായി മാറി. പൂക്കൾക്കൊപ്പം കർഷകന്റെ വിയർപ്പിനും ഇവർ കൂട്ടാവുന്നു. പഞ്ചായത്തിലെ 19 വാർഡുകളിലെയും വീടുകളിൽ നിന്ന് പച്ചക്കറികളും മറ്റ് കാർഷികോത്പന്നങ്ങളും നേരിട്ട് സംഭരിച്ച് വിപണിയിലെത്തിക്കാൻ കല്ലൂർ ടൗണിൽ ഇക്കോ ഷോപ്പും തുറന്നു. ഉപേക്ഷിക്കപ്പെട്ട മാലിന്യങ്ങളിൽ നിന്ന് വിരിയിച്ചെടുത്ത ഈ പൂക്കാലവും ഹരിത വിപ്ലവവും കേവലം ഒരു തൊഴിൽ മാത്രമല്ല, അതിജീവനത്തിന്റെ പുതുവഴികൾ കൂടിയാണ് നൂല്‍പ്പുഴ പഞ്ചായത്ത് കാട്ടിത്തരുന്നത്.   

ENGLISH SUMMARY:

Haritha Karma Sena Wayanad has transformed a waste collection center in Noolpuzha panchayat into a thriving agricultural hub through marigold cultivation and an eco shop. This inspiring green initiative showcases innovative waste management and sustainable livelihood creation in Kerala.