വേദനിക്കുന്നവര്‍ക്ക് ആശ്വാസവും കിടപ്പുരോഗികൾക്ക് പരിചരണവും അശരണർക്ക് പ്രതീക്ഷയും നല്‍കുകയാണ് കോട്ടയം കഞ്ഞിക്കുഴിയിലെ സ്വരുമ കൂട്ടായ്മ. ജോലിയില്‍ നിന്ന് വിരമിച്ചവരും മറ്റുളളവരെ സഹായിക്കാന്‍ താല്പര്യമുളളവരും ഒത്തുചേര്‍ന്നാണ് സ്വരുമയുടെ പ്രവര്‍ത്തനം. കോട്ടയം നഗരസഭയിലെയും സമീപമുളള പഞ്ചായത്തുകളിലെയും അഞ്ഞൂറിലധികം പേര്‍ക്കാണ് ദിവസവും സ്വരുമയുടെ സ്വാന്തനം ലഭിക്കുന്നത്. രോഗം, സാമ്പത്തിക ബുദ്ധിമുട്ട്, കുടുംബത്തിന്റെ പരിമിതികൾ ഇങ്ങനെ പ്രതിസന്ധിയിലായവരെ ജീവിതത്തിലേക്ക് തിരികെ എത്തിക്കുകയാണ് ഇൗ കൂട്ടായ്മ. ഡോക്ടര്‍ ഉള്‍പ്പെടെയുളളവര്‍ വീടുകളിലെത്തി നല്കുന്ന സ്വാന്തനപരിചരണം.
കോട്ടയം നഗരസഭയിലെയും, പനച്ചിക്കാട്, മണർകാട്, വിജയപുരം, പുതുപ്പള്ളി പഞ്ചായത്തുകളിലെയും 535 കിടപ്പുരോഗികൾക്കാണ് ദിവസവും ഇവരുടെ കരുതല്‍. സ്വാന്തനപരിചരണവും മരുന്നുവിതരണം മാത്രമല്ല, ജീവിക്കാനുളള സാഹചര്യവും താമസസൗകര്യവും സ്വരുമ ഉറപ്പാക്കുന്നു. കഞ്ഞിക്കുഴിയിലെ സ്വരുമ ഡ്രസ് ബാങ്കാണ് മറ്റൊന്ന്. വീടുകളിൽ ഉപയോഗിക്കാതെ സൂക്ഷിച്ചിരിക്കുന്ന വസ്ത്രങ്ങള്‍ മറ്റൊരാള്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്നതാണെങ്കില്‍ ഇവിടെ ഏല്‍പ്പിക്കാം. കുറഞ്ഞ വിലയ്ക്ക് വസ്ത്രങ്ങള്‍ ആവശ്യമുളളവര്‍ക്ക് വാങ്ങാം. സ്വരുമയുടെ വരുമാനമാര്‍ഗമാണിത്. ഉന്നതഉദ്യോഗങ്ങളില് നിന്ന് വിരമിച്ചവര്‍. മിക്കവരും അറുപതു കഴിഞ്ഞവര്‍. അങ്ങനെയുളള 65 പേരാണ് സ്വരുമയുടെ പ്രവര്ത്തനത്തിനൊപ്പമുളളത്. ആവശ്യം അനുസരിച്ച് കരുതലും തുടർച്ചയായ പിന്തുണയും അര്‍ഹിക്കുന്നവര്‍ക്ക് ഉറപ്പാക്കുക എന്നതാണ് സ്വരുമയുടെ സേവനദർശനം.