HKFarmer

TOPICS COVERED

എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ അമ്മയിൽ നിന്ന് കിട്ടിയ ഒരു ചീഞ്ഞ തക്കാളി മുറിച്ചു നട്ട് കൃഷിയുടെ ലോകത്തേക്ക് കടന്നിരിക്കുകയാണ് ഒരു നാട്ടിൻപുറത്തുകാരന്‍ . ഇന്നയാൾ സ്വന്തം തോട്ടത്തിൽ വിരിയിച്ചെടുത്തത് 650-ലധികം പച്ചക്കറി ഇനങ്ങൾ. പരാഗണത്തിലൂടെ വിത്ത് വിപ്ലവം തീർത്ത് ദേശീയ സസ്യ ജനിതക സംരക്ഷണ പുരസ്കാരം സ്വന്തമാക്കി വയനാട് ബത്തേരി സ്വദേശി സൂരജ് പുരുഷോത്തമന്‍.

മണ്ണിലിറങ്ങാൻ പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിച്ച ചെറുപ്പമാണ് വയനാട് ബത്തേരി സ്വദേശി സൂരജ് പുരുഷോത്തമൻ. എട്ടാം ക്ലാസിൽ പഠിക്കുന്ന കാലത്ത് അമ്മയിൽ നിന്നാണ് തുടക്കം. ഒരു ചീഞ്ഞ തക്കാളി മുറിച്ചു നട്ട് അത് മുളച്ചു പൂത്തു കായ്ച്ചപ്പോൾ കിട്ടിയ ആനന്ദം പിന്നീട് ഈ ഇരുപത്തെട്ടുകാരന്‍റെ ജീവിത ദൗത്യമായി മാറി.   

180 ഇനം തക്കാളികളും, 60 ഇനം പച്ചമുളകും, 70 ഇനം വഴുതനയുമടക്കം 650-ൽ അധികം പച്ചക്കറി ഇനങ്ങളാണ് ഇന്ന് ഈ അഞ്ചേക്കർ ഭൂമിയിൽ സമൃദ്ധമായി വളരുന്നത്.വെറുമൊരു കൃഷിക്കാരനപ്പുറം, ഒരു ഗവേഷകന്‍റെ കൗതുകത്തോടെയാണ് സൂരജ് ഈ തോട്ടത്തെ മാറ്റിയെടുത്തത്. പരാഗണത്തിലൂടെ പുതിയ വിത്തിനങ്ങളെ വികസിപ്പിച്ചെടുത്തു.

പച്ചക്കറികളുടെ ഗുണമേന്മയുള്ള വിത്തുല്പാദനത്തിനായി 'ഫാം ഫോം വിലാസം' എന്ന പേരിൽ ഒരു സ്റ്റാർട്ടപ്പും സൂരജ് ആരംഭിച്ചു. ചെറുപ്പം മുതലുള്ള കൃഷി പ്രേമത്തിന് പൂർണ പിന്തുണയുമായി കുടുംബവും ഒപ്പമുണ്ട്. വിത്ത് സംരക്ഷണത്തിലും ജനിതക വൈവിധ്യത്തിലും സൂരജ് നടത്തിയ ഈ നിശ്ശബ്ദ വിപ്ലവത്തിനാണ് രാജ്യത്തിന്‍റെ അംഗീകാരം നവംബർ 12-ന് രാഷ്ട്രപതി സമ്മാനിക്കുന്നത്. മണ്ണിൽ വിത്ത് വിതച്ച് സ്വപ്നങ്ങൾ കൊയ്യുന്ന ഒരു തലമുറയ്ക്ക് മുന്നിലെ തിളങ്ങുന്ന മാതൃകയാവുകയാണ് സൂരജ്.   

ENGLISH SUMMARY:

Suraj Purushothaman, a 28-year-old farmer from Wayanad's Sulthan Bathery, transformed his passion for agriculture into a major seed conservation movement that started with planting a rotten tomato in 8th grade.