ലക്ഷ്യം തെറ്റാതെ അമ്പെയ്യാൻ പഠിക്കുന്നവർക്ക് മുന്നിൽ, ഉന്നം തെറ്റിയ അധികൃതരുടെ അനാസ്ഥ വില്ലൻ ആവുകയാണ് വയാനാട് പുൽപ്പള്ളിയിലെ ആർച്ചറി അക്കാദമിയിൽ. ഖേലോ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെട്ട ഇവിടെ പരിശീലകനോ മറ്റ് ആവശ്യ സൗകര്യങ്ങളോ ഇല്ല. ഒളിംപിക്സ് സ്വപ്നം കാണുന്ന ഒരു കൂട്ടം കായിക താരങ്ങളുടെ ഭാവിയാണ് ഇതോടെ ഇരുട്ടിലാകുന്നത്.
അമ്പെയ്തു വീഴ്ത്താൻ മുന്നിലുള്ള ബോർഡിനേക്കാൾ വലിയ പ്രതിസന്ധിയാണ് പുൽപ്പള്ളി കോളറാട്ടുകുന്നിലെ കൗമാര താരങ്ങൾ ചുമലിലേറ്റുന്നത്. "ഉന്നം തെറ്റിക്കരുത്" എന്ന് കുട്ടികളോട് പറയുന്ന അധികൃതർക്ക്, ഈ അക്കാദമിയുടെ കാര്യത്തിൽ ഉന്നം തെറ്റിയിട്ട് വർഷങ്ങളായി. ആർച്ചറി ഉപകരണങ്ങളെല്ലാം ഉപയോഗശൂന്യമായി. ഗ്രൗണ്ടിലിറങ്ങി ഒന്ന് ഇടത്തോട്ടോ വലത്തോട്ടോ നോക്കിയാൽ, മനുഷ്യൻ വീണാൽ പോലും കാണാത്തത്ര കാടാണ്.
സംസ്ഥാനത്തെ പ്രധാന അമ്പെയ്ത്തു പരിശീലന അക്കാദമി ആണിത്. ഖേലോ ഇന്ത്യയിലെ 30 പേരും, സ്പോർട്സ് കൗൺസിലിന്റെ 26 വിദ്യാർഥികളുമാണ് ഇവിടെയുള്ളത്. പേരിൽ മാത്രമേ 'ഖേലോ ഇന്ത്യ' ഉള്ളൂ, സൗകര്യങ്ങൾ വട്ടപ്പൂജ്യം. ലക്ഷങ്ങൾ വിലവരുന്ന അമ്പും വില്ലും വാങ്ങാൻ നിവൃത്തിയില്ലാത്ത പാവപ്പെട്ട കുട്ടികൾക്ക്, വില്ല് മാത്രം വലിച്ച് 'ഭാവനയിൽ' അമ്പെയ്യേണ്ട അവസ്ഥയാണ്! പല ജില്ലകളിൽ നിന്നായി എത്തിയ വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റലാകട്ടെ, വളരെ പരിതാപകരം.
പരിശീലകന്റെ കാര്യമാണ് ഇതിലും രസകരം. ഒരു വർഷമായി ശമ്പളം മുടങ്ങിയതോടെ ഖേലോ ഇന്ത്യ പരിശീലക രാജി വെച്ച് പോയിട്ട് അഞ്ച് മാസമായി; പകരം ആളെ വെച്ചിട്ടില്ല. ഇപ്പോഴുള്ളത് സ്പോർട്സ് കൗൺസിലിന്റെ പരിശീലകൻ മാത്രം. ഇനി സ്റ്റേഡിയം നിർമ്മിക്കാനായി 2025 നവംബറിൽ വെച്ച 5 കോടിയുടെ ശിലാഫലകം നോക്കാമെന്ന് വെച്ചാലോ... വെയിലും മഴയും കൊള്ളാതെ ഒരു മുറിക്കുള്ളിൽ അതീവ സുരക്ഷിതമായി മാറ്റിവെച്ചിരിക്കുകയാണ്! .സായ് ഏറ്റെടുക്കാൻ തയ്യാറായിട്ടും വിട്ടുകൊടുക്കാത്ത അധികൃതരുടെ വാശി കാരണം, ഒളിമ്പിക്സ് സ്വപ്നം കാണുന്ന ഈ താരങ്ങൾ കായികമേഖലയോട് തന്നെ വിടപറയേണ്ട ഗതികേടിലാണ്.