വയനാട് ജില്ലയിലെ വിവിധയിടങ്ങളിൽ തുടർച്ചയായി മോഷണം നടത്തിവന്ന മാല മോഷണ സംഘത്തിലെ രണ്ടുപേർ മീനങ്ങാടിയിൽ പിടിയിൽ. തമിഴ്നാട് മധുര സ്വദേശികളായ രമ്യ, ഈശ്വരി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്പെഷ്യൽ ബ്രാഞ്ചിന്‍റെ സമയോചിതമായ ഇടപെടലാണ് പ്രതികളെ കുടുക്കിയത്.
ജില്ലയിലെ വിവിധയിടങ്ങളിൽ തുടർച്ചയായി മാലമോഷണം നടത്തി നാടിനെ ഭീതിയിലാഴ്ത്തിയ സംഘമാണ് ഒടുവിൽ മീനങ്ങാടിയിൽവെച്ച് വലയിലായത്. ഉച്ചയോടെ മീനങ്ങാടി ടൗണിലൂടെ സ്കൂട്ടറിൽ പോവുകയായിരുന്ന സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ എം.എസ്. സുമേഷിന്‍റെ കൃത്യമായ നിരീക്ഷണമാണ് നിർണായകമായത്. റോഡിലൂടെ സംശയകരമായ സാഹചര്യത്തിൽ നടന്നുപോവുകയായിരുന്ന സ്ത്രീകളെ ശ്രദ്ധിച്ച സുമേഷ്, വാഹനം നിർത്തി അവരുടെ അടുത്തേക്ക് ചെന്ന് ചോദ്യം ചെയ്തു. നേരത്തെ വിവിധ മോഷണക്കേസുകളുമായി ബന്ധപ്പെട്ട് പൊലീസ് ശേഖരിച്ച സിസി ടിവി ദൃശ്യങ്ങളിലെ സ്ത്രീകളുമായി ഇവർക്ക് പ്രകടമായ രൂപ സാദൃശ്യമുണ്ടെന്ന് ഉദ്യോഗസ്ഥൻ തിരിച്ചറിഞ്ഞു.
പൊലീസ് നീക്കം മനസിലാക്കി അതുവഴി വന്ന ബസിൽ കയറി രക്ഷപ്പെടാൻ ഇരുവരും ശ്രമിച്ചെങ്കിലും സുമേഷ് തടഞ്ഞു നിർത്തി. ഉടൻ തന്നെ മീനങ്ങാടി പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും പൊലീസ് സംഘം സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പിടിയിലാകുന്നതിന് തൊട്ടുമുമ്പ് മീനങ്ങാടിയിലെ 'ഔറ കളക്ഷൻ' എന്ന സ്ഥാപനത്തിലും ഇവർ മോഷണം നടത്തിയിരുന്നു.
കൽപ്പറ്റ, ബത്തേരി, അമ്പലവയൽ, തിരുനെല്ലി തുടങ്ങിയ സ്റ്റേഷൻ പരിധികളിലായി വ്യാപക മോഷണങ്ങളാണ് ഈ സംഘം നടത്തിയത്. തിരക്കേറിയ ബസുകളും ബസ് സ്റ്റാൻഡുകളും കേന്ദ്രീകരിച്ച് സ്ത്രീകളെ ലക്ഷ്യമിട്ടാണ് സംഘം പ്രവർത്തിച്ചിരുന്നത്. സംഘത്തിൽ കൂടുതൽ അംഗങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പിടിയിലായ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യലിനായി ബത്തേരി പൊലീസിന് കൈമാറി. മറ്റ് പ്രതികൾക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.