അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താനുള്ള റിപ്പോർട്ട് കണ്ണൂര്‍ കമ്മിഷണര്‍ ജില്ലാ കളക്ടർക്ക് കൈമാറി. റിപ്പോർട്ട് പരിശോധിച്ചു വരികയാണെന്ന് ജില്ലാ കളക്ടർ പി.വിഷ്ണുരാജ് അറിയിച്ചു. കുറ്റവാളിയെ കുറിച്ചുള്ള എല്ലാ വിവരങ്ങളും പരിശോധിച്ച് ബോധ്യമായാലേ കലക്ടര്‍ കാപ്പ ചുമത്തി ഉത്തരവിടുകയുള്ളൂ. കേരള ആന്‍റിസോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് അഥവാ കാപ്പാ നിയമം അര്‍ജുന്‍ ആയങ്കിക്കെതിരെ വീണ്ടും ചുമത്താനുള്ള നീക്കത്തില്‍ പൊലീസിന്‍റെ റോള്‍ കഴിഞ്ഞു. 

വളപട്ടണം പൊലീസിന്‍റെ കേസ് ഹിസ്റ്ററി റിപ്പോര്‍ട്ട് കമ്മിഷണര്‍ കലക്ടര്‍ക്ക് കൈമാറിയതോടെയാണ് പൊലീസിന്‍റെ ജോലി തീര്‍ന്നത്. അർജുൻ ആയങ്കിക്കെതിരെ സംസ്ഥാനത്ത് ഒട്ടാകെ 23 ക്രിമിനൽ കേസുകളാണ് ഉള്ളത്. അതില്‍ കൂടുതലും സ്വന്തം സ്റ്റേഷനായ വളപട്ടണത്ത്. 2014–2018 കാലയളവില്‍ ഇവിടെ 12 കേസുകള്‍. കണ്ണൂര്‍ ടൗണ്‍, കരിപ്പൂര്‍, വിയ്യൂര്‍,  തൃശൂര്‍ റെയില്‍വെ, മീനാക്ഷിപുരം, കോതമംഗലം, ഊന്നുകല്‍, എറണാകുളം സൈബര്‍, കണ്ണൂര്‍ സൈബര്‍ എന്നീ സ്റ്റേഷനുകളിലാണ് ബാക്കിയുള്ള കേസുകളെല്ലാം. ഇവയെല്ലാം പരിശോധിച്ചാണ് കലക്ടര്‍ കാപ്പാ ചുമത്തുന്നതില്‍ ഉത്തരവിടൂ. 

കലക്ടറുടെ തീരുമാനം ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന റിവ്യൂ കമ്മിറ്റി കൂടി അംഗീകരിക്കണം. എന്നാല്‍ റിവ്യൂ കമ്മിറ്റിയുടെ തീരുമാനം വരുംമുമ്പേ കലക്ടറുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ പൊലീസിന് പ്രതിയെ ജയിലില്‍ അടയ്ക്കാനാകും.

എന്നാല്‍ നിസാരമായ നായയെ കൊന്ന കേസല്ലേ ഇതെന്ന് കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ തെളിവെടുപ്പിനെത്തിച്ചപ്പോൾ  അർജുൻ ആയങ്കി പരിഹസിച്ചു. കടവന്ത്ര കുമാരനാശാൻ നഗറിലെ സുഹൃത്തിന്‍റെ അപ്പാർട്ട്മെന്‍റിലാണ് രണ്ടുദിവസം അർജുൻ ആയങ്കി ഒളിവിൽ കഴിഞ്ഞിരുന്നത്. ഇവിടേക്കാണ് തെളിവെടുപ്പിനായി ഇയാളെ കൊണ്ടുവന്നത്.  

ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടി നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കോതമംഗലം കോടതി ജാമ്യംറദ്ദാക്കിയിരുന്നു. ജാമ്യത്തിലിരിക്കെ ഉദ്യോഗസ്ഥരെയും ആഭ്യന്തര വകുപ്പിനെയും അർജുൻ ആയങ്കി നിരന്തരം അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച കേസിലാണ് തലശേരി സിജെഎം കോടതി ആയങ്കിയെ കസ്റ്റഡിയില്‍ വിട്ടത്. എല്ലാം ചെയ്തത് താനാണെന്ന് കോടതി വളപ്പില്‍ അര്‍ജുന്‍ മാധ്യമങ്ങളോട് അന്ന് പറഞ്ഞിരുന്നു .

9ന് പുലർച്ചെ 2.15ന് ആണ് അർജുൻ ആയങ്കിയെ കണ്ണൂർ റേഞ്ച് ഡിഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. വധശ്രമക്കേസടക്കം 23 കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ പിടികൂടാൻ സംസ്ഥാന പൊലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു.

ENGLISH SUMMARY:

Arjun Ayanki's Kaapa report has been submitted to the Kannur Collector by the City Police Commissioner. The Collector is reviewing the report, which details Arjun Ayanki's involvement in 23 criminal cases.