വയനാട് ബത്തേരി ചീരാലിൽ കടുവാഭീതി ഒഴിയുന്നില്ല. മൂന്ന് ദിവസത്തിനിടെ മൂന്ന് വളർത്തുമൃഗങ്ങളെയാണ് പ്രദേശത്ത് കടുവ അക്രമിച്ചു കൊന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇന്ന് അടിയന്തര സർവ്വകക്ഷി യോഗം ചേരും.
ബത്തേരി ചീരാലിലും നമ്പ്യാർകുന്ന് മേഖലയിലും ജനവാസകേന്ദ്രങ്ങളെ വിറപ്പിച്ച് കടുവാ ആക്രമണം തുടരുകയാണ്. ഇന്നലെ ചീരാൽ വെള്ളച്ചാലിൽ റെജിയുടെ രണ്ട് പോത്തുകളെ കടുവ കൊന്നൊടുക്കി. മേയാൻ കെട്ടിയിട്ട പോത്തുകളിൽ ഒന്നിനെ പാതി ഭക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കണ്ണിവട്ടം സ്വദേശി ഷൗക്കത്തിന്‍റെ ആടിനെയും കടുവ പിടികൂടിയിരുന്നു. തുടർച്ചയായി വളർത്തുമൃഗങ്ങളെ ആക്രമിക്കുന്ന കടുവയെ പിടികൂടാൻ വൈകുന്നതിൽ വനംവകുപ്പിനെതിരെ പ്രതിഷേധം കനക്കുകയാണ്.
ഡ്രോൺ ക്യാമറകൾ അടക്കം ഉപയോഗിച്ച് വനംവകുപ്പ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രദേശത്ത് ഒന്നിലേറെ കൂടുകള്‍ സ്ഥാപിക്കാനാണ് തീരുമാനം. വന്യജീവി ആക്രമണം കൂടിയ സാഹചര്യത്തിൽ വനംവകുപ്പിന്റെ ആർ.ആർ.ടി ടീമിനായി പഞ്ചായത്തിന്റെ കെട്ടിടത്തിൽ അടിയന്തര സൗകര്യവും ഒരുക്കി.