wayanad

TOPICS COVERED

വയനാട് ബാണാസുര സാഗർ ഡാം തലയുയർത്തി നിൽക്കുമ്പോഴും, തൊട്ടടുത്തുള്ള പടിഞ്ഞാറത്തറ കുപ്പാടിത്തറയിലെ കർഷകർ വെള്ളമില്ലാതെ നെട്ടോട്ടമോടുന്നു. കോടികൾ ഒഴുക്കി തുടങ്ങിയ കനാൽ നിർമ്മാണം വർഷങ്ങൾ കഴിഞ്ഞിട്ടും എങ്ങുമെത്താത്തതാണ് പ്രതിസന്ധിക്ക് കാരണം.

തോട്ടിലെ ചളിവെള്ളത്തിലേക്ക് മോട്ടോറിന്റെ പൈപ്പ് താഴ്ത്തുമ്പോൾ ഈ കർഷകരുടെ കണ്ണുകളിൽ നിസ്സഹായാവസ്ഥയുടെ ഒഴുക്കുണ്ട്. ഇത് കുപ്പാടിത്തറയിലെ പാടശേഖരമാണ്; പൊന്നുവിളയിക്കേണ്ട ഞാറുനടീൽ കാലം. വിയർപ്പൊഴുക്കി മണ്ണിലിറങ്ങിയ കർഷകന് മുന്നിൽ പ്രകൃതിയും ഭരണകൂടവും ഒരേപോലെ കണ്ണടയ്ക്കുകയാണ്. പച്ചപ്പുതയ്ക്കേണ്ട വയലുകൾ വെള്ളമില്ലാതെ വിണ്ടുണങ്ങി, നെഞ്ചുപൊട്ടി കിടക്കുന്നു.

മണ്ണിൽ പണിയെടുക്കുന്നവന്റെ ദാഹമകറ്റാൻ വിഭാവനം ചെയ്തതാണ് ഈ കനാൽ. കോടാനുകോടി രൂപയുടെ എസ്റ്റിമേറ്റുകൾ കടലാസിൽ മാറിമറിഞ്ഞു. ഡാം യാഥാർത്ഥ്യമായി പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും കനാലിന്റെ പണി ഇപ്പോഴും ഇഴഞ്ഞുനീങ്ങുന്നു. ഉദ്യോഗസ്ഥരുടെ നിസ്സംഗതയും കരാറുകാരുടെ അനാസ്ഥയും കവർന്നെടുക്കുന്നത് പാവം കർഷകരുടെ അധ്വാനമാണ്. മഴ ഇനിയും ചതിച്ചാൽ, വായ്പയെടുത്തും കടംവാങ്ങിയും ഇറക്കിയ വിത്തുകൾ ഈ മണ്ണിലേക്ക് ഒടുങ്ങും. അണക്കെട്ടിൽ വെള്ളം നിറഞ്ഞുനിൽക്കുമ്പോഴും, തൊട്ടരികിൽ കരിഞ്ഞുണങ്ങുന്ന കൃഷിയിടങ്ങളിലേക്ക് കനാൽ വഴി വെള്ളം എത്താൻ ഇനി എത്ര നാൾ കാത്തിരിക്കണം?

ENGLISH SUMMARY:

Wayanad farmers are facing severe water scarcity despite the presence of the Banasura Sagar dam due to delayed canal construction. This agricultural crisis in Kerala is causing immense distress to farmers whose crops are withering from lack of irrigation.