മുണ്ടക്കൈ - ചൂരൽമല ദുരന്തബാധിതർക്ക് തണലൊരുക്കി എറണാകുളം ജില്ലാ മഹല്ല് കൂട്ടായ്മ. സാങ്കേതിക കാരണങ്ങളാൽ പുനരധിവാസ പട്ടികയിൽ ഉൾപ്പെടാതെ പോയ 14 കുടുംബങ്ങൾക്കായി ഒരുക്കിയ ഭവനപദ്ധതിയിൽ, നിർമ്മാണം പൂർത്തിയായ 12 വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറി. വയനാട് കോട്ടത്തറ പഞ്ചായത്തിലെ വാളലിലാണ് 860 ചതുരശ്ര അടി വിസ്തീർണമുള്ള വീടുകൾ നിർമ്മിച്ചു നൽകിയത്.
ഉരുളെടുത്ത ജീവിതങ്ങൾക്ക് പുതുപ്രതീക്ഷ പകരുകയാണ് എറണാകുളം ജില്ലാ മഹല്ല് കൂട്ടായ്മ. ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടിട്ടും സാങ്കേതിക കാരണങ്ങളാൽ ഔദ്യോഗിക പുനരധിവാസത്തിൽ നിന്ന് പുറത്തായ കുടുംബങ്ങളെയാണ് കൂട്ടായ്മ ചേർത്തുപിടിച്ചത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശി അൻസാർ സൗജന്യമായി വിട്ടുനൽകിയ ഒരേക്കർ എട്ട് സെന്റ് സ്ഥലത്താണ് പദ്ധതി യാഥാർത്ഥ്യമായത്. ഓരോ കുടുംബത്തിനും അഞ്ച് സെന്റ് സ്ഥലവും 860 ചതുരശ്ര അടി വിസ്തീർണമുള്ള വീടുമാണ് നൽകുന്നത്.
എറണാകുളം ജില്ലയിലെ വിവിധ മഹല്ലുകളുടെ സഹകരണത്തോടെയാണ് പദ്ധതിക്കാവശ്യമായ തുക സമാഹരിച്ചത്. കോട്ടയം കങ്ങഴ മുസ്‌ലിം ജമാഅത്തും പത്തനംതിട്ട മഹല്ല് കൂട്ടായ്മയും നിർമ്മാണത്തിൽ പങ്കാളികളായി. പദ്ധതിയിലെ അവശേഷിക്കുന്ന രണ്ട് വീടുകളുടെ നിർമ്മാണം അവസാനഘട്ടത്തിലാണ്.
സ്വന്തമായി വീടെന്ന സ്വപ്നം പൂർത്തിയായതിന്റെ ആശ്വാസത്തിലാണ് ഈ കുടുംബങ്ങൾ. ചടങ്ങിൽ ജനപ്രതിനിധികളും സാമൂഹിക-മത രംഗത്തെ പ്രമുഖരും പങ്കെടുത്തു. നാളെയെക്കുറിച്ചുള്ള ആശങ്കകൾക്കൊടുവിൽ, ദുരന്തബാധിതർക്ക് സുരക്ഷിതമായ ഒരു മേൽക്കൂരയൊരുങ്ങിയതിന്റെ സന്തോഷത്തിലാണ് മഹല്ല് കൂട്ടായ്.