wayanad-theif

TOPICS COVERED

വയനാട്ടിൽ കാറിൽ തട്ടിക്കൊണ്ടുപോയി കവർച്ച നടത്തുന്ന മോഷ്ടാക്കളെ പിടികൂടി. തരുവണ സ്വദേശി മുഹമ്മദ് ബഷീർ, പീച്ചങ്കോട് സ്വദേശി സൈദുള്ള എന്നിവരെയാണ് കർണാടകയിലെ ചാമരാജ് നഗറിൽ നിന്ന് വയനാട് ജില്ലാ പൊലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്. ബവ്റിജസ് ഔട്ട്‌ലെറ്റുകൾ കേന്ദ്രീകരിച്ച് ഒരേ ദിവസം രണ്ട് കവർച്ചകൾ നടത്തി കർണാടകയിലേക്ക് കടന്ന പ്രതികളെ അതിസാഹസികമായാണ് പൊലീസ് വലയിലാക്കിയത്. 

ബവ്റിജസ് പരിസരങ്ങളിൽ ആളൊഴിഞ്ഞ ഇടങ്ങൾ കണ്ടെത്തി, തക്കംപാത്തുനിന്ന് ആക്രമിക്കുന്നതായിരുന്നു ഇവരുടെ തന്ത്രം. കഴിഞ്ഞ ഓഗസ്റ്റ് 31നായിരുന്നു സംഭവങ്ങളുടെ തുടക്കം. ഉച്ചയോടെ പടിഞ്ഞാറത്തറ നായ്മൂലയിലെ ബവ്റിജസിന് സമീപത്തുനിന്ന് ലോട്ടറി വിൽപ്പനക്കാരനായ ബിജോയിയെ പണം നൽകാമെന്ന് പറഞ്ഞ് കാറിൽ വിളിച്ചുകയറ്റി. തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും, ഷർട്ട് വലിച്ചുകീറി കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി പണവും ലോട്ടറി ടിക്കറ്റുകളും കവർന്ന് വഴിയിൽ ഉപേക്ഷിക്കുകയുമായിരുന്നു.

അന്ന് വൈകീട്ട് പനമരത്ത് വെച്ച് നടവയൽ സ്വദേശിയായ മറ്റൊരാളെയും സമാനരീതിയിൽ ബലമായി കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് പണം കവർന്നു. തുടർന്ന് രാത്രി കൽപ്പറ്റ ബവ്റിജസിന് സമീപം ബഹളമുണ്ടാക്കിയതിനെത്തുടർന്ന് കൽപ്പറ്റ പൊലീസ് ഇവരെ കരുതൽ തടങ്കലിൽ എടുത്തിരുന്നെങ്കിലും, തട്ടിക്കൊണ്ടുപോകൽ വിവരങ്ങൾ പുറത്തുവരുന്നതിന് മുൻപ് തന്നെ വിട്ടയച്ചിരുന്നു. തുടർന്ന് ഇരയായവർ പടിഞ്ഞാറത്തറ, പനമരം സ്റ്റേഷനുകളിൽ നേരിട്ടെത്തി പരാതി നൽകിയതോടെയാണ് ആസൂത്രിത കവർച്ചയുടെ വ്യാപ്തി പൊലീസ് തിരിച്ചറിയുന്നത്. കർണാടകയിലേക്ക് കടന്ന ഇരുവരെയും ഒട്ടേറെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ സാഹസികമായിയാണ് പൊലീസ് പിടികൂടിയത്. അറസ്റ്റിലായ മുഹമ്മദ് ബഷീർ  നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.   

ENGLISH SUMMARY:

Wayanad robbery cases have been solved with the arrest of two individuals involved in carjacking and theft. Kerala police have successfully apprehended the culprits in Karnataka, bringing an end to their criminal activities targeting liquor outlets.