വയനാട് പൂതാടി ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നൽകി യുഡിഎഫ്. ഭൂരിപക്ഷം നഷ്ടപ്പെട്ട പ്രസിഡന്‍റ് രാജിവെക്കണമെന്നും പഞ്ചായത്തിൽ ഭരണസ്തംഭനമാണെന്നും ആരോപിച്ചാണ് യുഡിഎഫ് നീക്കം. എൽഡിഎഫിലെ ആഭ്യന്തര ഭിന്നത രൂക്ഷമായതോടെ പൂതാടി പഞ്ചായത്തിൽ ഭരണമാറ്റത്തിന് കളമൊരുങ്ങുകയാണ്.
വരണാധികാരിയായ പനമരം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എ.ആർ. ശ്രീജിത്തിനാണ് യുഡിഎഫ് അംഗങ്ങൾ അവിശ്വാസ പ്രമേയ നോട്ടിസ് കൈമാറിയത്. ജനകീയ വിഷയങ്ങളിൽ ഭരണസമിതി തികഞ്ഞ അലംഭാവം കാട്ടുകയാണെന്നും ബിജെപിയെ കൂട്ടുപിടിച്ചാണ് എൽഡിഎഫ് ഭരിക്കുന്നതെന്നും പ്രതിപക്ഷം .
ആകെ 23 അംഗങ്ങളുള്ള പൂതാടി പഞ്ചായത്തിൽ കക്ഷിനില നിലവിൽ തുലാസിലാണ്. യുഡിഎഫിനും എൽഡിഎഫിനും പത്ത് വീതവും ബിജെപിക്ക് മൂന്നും അംഗങ്ങളാണുള്ളത്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് വേളയിൽ യുഡിഎഫ് അംഗത്തിന്റെ വോട്ട് അസാധുവായതിനെ തുടർന്നാണ് എൽഡിഎഫിന് ഭരണം ലഭിച്ചത്. എന്നാൽ തുടർന്ന് നടന്ന തിരഞ്ഞെടുപ്പുകളിൽ മൂന്ന് സ്ഥിരം സമിതി അധ്യക്ഷ പദവികളും ആസൂത്രണ സമിതി ഉപാധ്യക്ഷ സ്ഥാനവും യുഡിഎഫ് സ്വന്തമാക്കി.
ഭരണപക്ഷത്തെ ആഭ്യന്തര കലഹമാണ് എൽഡിഎഫിന് ഏറ്റവും വലിയ തിരിച്ചടിയാകുന്നത്. പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ ജില്ലാ നേതൃത്വം തങ്ങളെ തഴഞ്ഞതിൽ പ്രതിഷേധിച്ച് എൽഡിഎഫ് അംഗങ്ങളായ എ.വി. ജയൻ, എം.എ. പ്രസാദ് എന്നിവർ പാർട്ടി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുകയാണ്. ഇവർ സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിന്നിരുന്നു. അവിശ്വാസ പ്രമേയം ചർച്ചയ്ക്കെടുക്കുമ്പോഴും ഈ രണ്ട് എൽഡിഎഫ് അംഗങ്ങൾ വിട്ടുനിൽക്കാനാണ് സാധ്യത. അങ്ങനെ വന്നാൽ എൽഡിഎഫിന് ഭരണം നഷ്ടമാകുമെന്ന് ഉറപ്പാണ്.