wayanad

TOPICS COVERED

ജീവന്‍റെ തുടിപ്പ് നിലയ്ക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ, ദൈവം അയച്ച ദൂതരെപ്പോലെ ഒരു നഴ്സും ഭർത്താവും. വയനാട് അതിർത്തിയായ പൊൻകുഴിയിൽ , ഹൃദയം നിലയ്ക്കും മുൻപ് ലോറി ഇടിച്ചുനിർത്തിയ ഡ്രൈവറുടെ ജീവിതത്തിന് കാവലാളായത് വഴിപോക്കരായ ദമ്പതികൾ. നഴ്സ് ആതിരയും ഭർത്താവ് രജിത്തും. നിലച്ചുപോകുമായിരുന്ന ഹൃദയമിടിപ്പ് സ്വന്തം മനസാന്നിധ്യത്തിലൂടെ അവർ നിലനിർത്തി. ‌

സമയം രാവിലെ ഒൻപതര. പൊൻകുഴി സീതാ ശ്രീരാമ ക്ഷേത്രത്തിന് മുൻവശത്തെ മൺതിട്ടയിലേക്ക് ഒരു ലോറി വന്നിടിക്കുന്നു. നെഞ്ചുവേദന കാരണം ഈങ്ങാപ്പുഴ സ്വദേശിയായ ഡ്രൈവർ ഷാജഹാൻ, തന്‍റെ ജീവനെക്കാൾ വലുതായി വഴിയാത്രക്കാരുടെ സുരക്ഷയെക്കുറിച്ചുള്ള ബോധത്താൽ വണ്ടി മനഃപൂർവം ഇടിച്ചു നിർത്തി. അതോടെ ആ ബോധം മറഞ്ഞു. ബത്തേരി ഇഖ്റ ആശുപത്രിയിലെ നഴ്‌സ് ആതിരയും ഭർത്താവ് രജിത്തും ആ കാഴ്ച കണ്ടപ്പോൾ നോക്കിനിന്നില്ല.. ഒരു നിമിഷം പോലും പാഴാക്കാതെ, ആതിരയിലെ ആരോഗ്യപ്രവർത്തക ഉണർന്നു.

പിന്നീട് കണ്ടത് ജീവൻ നിലനിർത്താനുള്ള പോരാട്ടമായിരുന്നു. സെക്കൻഡുകൾക്കുപോലും വില മതിക്കാനാവാത്ത പോരാട്ടം. ആതിര പറഞ്ഞതുകേട്ട് രജിത്ത് മിന്നൽ വേഗത്തിൽ കാറെടുത്തു. പിൻസീറ്റിൽ, പേരുപോലും അറിയാത്ത ആ അപരിചിതന്‍റെ നെഞ്ചിൽ, ക്ഷീണമോ ഭയമോ കൂടാതെ ആതിര വിശ്രമമില്ലാതെ സിപിആർ നൽകിക്കൊണ്ടിരുന്നു. താൻ ജോലിചെയ്യുന്ന ആശുപത്രിയിലേക്ക് മുൻകൂട്ടി വിവരമറിയിച്ചതുകൊണ്ട്, അവിടെ ജീവൻരക്ഷാ സംവിധാനങ്ങളെല്ലാം സജ്ജമായിരുന്നു. ജീവനും മരണത്തിനും ഇടയിലുള്ള ആ ഇരുപത് കിലോമീറ്ററുകൾ താണ്ടി ആശുപത്രിയിൽ എത്തുമ്പോഴേക്കും ഷാജഹാന് ബോധം തെളിഞ്ഞിരുന്നു.

തക്കസമയത്തെ ആ ഇടപെടൽ കൊണ്ടുമാത്രം ജീവിതത്തിലേക്ക് തിരികെ നടന്നുകയറിയ ഷാജഹാൻ ഇപ്പോൾ ഇഖ്റ ആശുപത്രിയിൽ സുഖം പ്രാപിച്ചുവരുന്നു. ഡ്യൂട്ടിയിൽ അല്ലെങ്കിലും, മനുഷ്യത്വം വിളിക്കുന്നിടത്ത് വേഷം മാറാതെ ഓടിയെത്തുന്ന ഒരു നഴ്സ് എന്നും മാലാഖ തന്നെയാണെന്ന് ആതിര ഒരിക്കൽ കൂടി ലോകത്തിന് കാണിച്ചുകൊടുത്തു.

ENGLISH SUMMARY:

a remarkable incident where a nurse and her husband saved a lorry driver's life just moments before it was too late. Their swift and selfless actions, including administering CPR, ensured the driver reached the hospital in time for critical treatment.