mla

നിസാര കാരണം പറഞ്ഞ് വിദ്യാര്‍ഥിനിയുടെ വിദേശപഠനം മുടക്കുന്നുവെന്ന് ആരോപിച്ച് പൊലീസ് സ്റ്റേഷനില്‍ ഭരണകക്ഷി എംഎല്‍എയുടെ പ്രതിഷേധം. തിരുവനന്തപുരം മാറനല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ കാട്ടാക്കട എംഎല്‍എ എം.ആര്‍ ബൈജുവാണ് ഇന്‍സ്പെക്ടറെ ഉപരോധിച്ചത്. ബന്ധുവിന്‍റെ രോഗാവസ്ഥ കാരണം മറ്റൊരിടത്ത് താമസിക്കുന്ന കുടുംബത്തെ തിരിച്ചറിയാനാവില്ലെന്നാണ് പൊലീസ് നിലപാട്. പ്രതിഷേധത്തിനൊടുവില്‍ മൂന്ന് ദിവസത്തിനുള്ളില്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കേറ്റ് നല്‍കുമെന്ന് ഉറപ്പ് നല്‍കി.  

നീതിതേടി പലതവണ മുട്ടിയിട്ടും നീതി നടപ്പാക്കേണ്ടവര്‍ കണ്ണടച്ച സാഹചര്യത്തിലാണ് എംഎല്‍എ നേരിട്ടെത്തി പ്രതിഷേധിച്ചത്. വിദേശത്ത് മെഡിക്കല്‍ വിദ്യാര്‍ഥിനിയായ മാറനല്ലൂര്‍ സ്വദേശിനി അപര്‍ണ രമേശാണ് മൂന്ന് മാസം മുന്‍പ് നിരാക്ഷേപ പത്രത്തിനായി മാറനല്ലൂര്‍ പൊലീസില്‍ അപേക്ഷിച്ചത്. നേരത്തെ മൂന്ന് തവണ നല്‍കിയ സാക്ഷ്യപത്രം ഇത്തവണ നിസാര കാരണങ്ങള്‍ പറഞ്ഞ് വൈകിപ്പിച്ചു. കുട്ടിയുടെ പഠനം മുടങ്ങുമെന്ന സാഹചര്യത്തിലാണ് പെണ്‍കുട്ടിയുടെ മാതാവിനൊപ്പം എംഎല്‍എയും, ബന്ധുക്കളും നാട്ടുകാരുമെത്തിയത്. ബന്ധുവിന്‍റെ രോഗാവസ്ഥ കാരണം പഴയ മേല്‍വിലാസത്തില്‍ നിന്ന് മാറി മറ്റൊരിടത്ത് താമസിക്കുന്ന കുടുംബത്തെ ഇത്തവണ പൊലീസിന് തിരിച്ചറിയാനാവുന്നില്ലെന്ന്. 

ഒരാഴ്ച മുന്‍പ് എംഎല്‍എ ഇടപെട്ടിട്ടും പൊലീസുകാരന്‍ പഴയമട്ടില്‍ ഉറച്ച് നിന്നു. നീതികരിക്കാനാവില്ലെന്ന് എംഎല്‍എ. കാട്ടാക്കട ഡിവൈഎസ് പിയുമായുള്ള ചര്‍ച്ചക്കൊടുവില്‍ മൂന്ന് ദിവസത്തിനുള്ളില്‍ നിരാക്ഷേപപത്രം നല്‍കാമെന്ന് ഉറപ്പ് നല്‍കി. കാലതാമസം ബോധപൂര്‍വമല്ലെന്നാണ് പൊലീസിന്‍റെ വിശദീകരണം. 

ENGLISH SUMMARY:

a protest by a ruling party MLA against the Maranalloor police station for delaying a student's foreign studies due to a trivial reason. The MLA's intervention ensured a police clearance certificate would be issued within three days after the family faced difficulties in proving their residence due to a relative's illness.