tvm

രാജഭരണകാലത്തിനുശേഷം തലസ്ഥാനത്ത് വീണ്ടും ബോട്ട് സർവീസ് തുടങ്ങാന്‍ സര്‍ക്കാര്‍. പാർവതി പുത്തനാറിൽ വേളി മുതൽ കഠിനംകുളം വരെയാണ് ബോട്ട് സർവീസ് ഒരുങ്ങുന്നത്. ഓണത്തിന് മുമ്പേ സർവീസ് തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്ന് ഗതാഗത മന്ത്രി അറിയിച്ചു.

റാണി ഗൗരി പാർവതി ഭായ് വള്ളക്കടവ് മുതൽ വർക്കല വരെ തോടു വെട്ടി കായലുകൾ ബന്ധിപ്പിച്ച് നിർമിച്ച പാർവതി പുത്തനാർ, പ്രകൃതിയുടെ അനന്യ ചാരുതയാൽ അനുഗ്രഹീതമായ ഇടം, തിരുവനന്തപുരത്തെ കച്ചവടക്കാർ ചരക്കുകൾ ദൂരദേശങ്ങളിലേക്കും പൂജയ്ക്കുള്ള പുഷ്പങ്ങൾ പത്മനാഭസ്വാമി ക്ഷേത്രത്തിലേക്കും എത്തിച്ചിരുന്ന മാർഗം. ചരിത്രത്തിൽ ഇങ്ങനെ പലതുണ്ട് പാർവതി പുത്തനാറിന് പ്രത്യേകത. മാറിമാറി വരുന്ന സർക്കാരുകൾ പാർവതി പുത്തനാറിലെ ജലഗതാഗതത്തിനായി പല പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും ഒന്നും നടപ്പിൽ വന്നില്ല. സോളാർ ബോട്ട് സർവീസ് തുടങ്ങുമെന്ന പുത്തൻ പ്രതീക്ഷ നൽകുകയാണ് പുതിയ യുഡിഎഫ് സർക്കാരും.

വിനോദസഞ്ചാരികളെ ലക്ഷ്യം വെച്ച് ടൂറിസ്റ്റ് കേന്ദ്രങ്ങൾ ബന്ധിപ്പിച്ചാണ് ബോട്ട് സർവീസ്. നാലരമണിക്കൂറാണ് യാത്രാസമയം. വേളിയിൽ നിന്നും തുടങ്ങിയാൽ കഠിനംകുളത്തും ചാന്നാങ്കരയിലും സ്റ്റോപ്പുകളുണ്ടാകും. രണ്ടിടത്തും ബോട്ട് ജെട്ടി നിർമാണം പൂർത്തിയായി. തലസ്ഥാനത്തിന്‍റെയും പാർവതീപുത്തനാറിന്‍റെയും അഞ്ചുതെങ്ങ് കോട്ടയുടേയും ചരിത്രം വിവരിക്കാൻ ഗൈഡുമാരുണ്ടാകും. കേരള വാട്ടർ വെയ്സ് ആൻഡ് ഇൻട്രസ്റ്റ് ലിമിറ്റഡിനാണ് നടത്തിപ്പ് ചുമതല.

ENGLISH SUMMARY:

Thiruvananthapuram is set to relaunch its boat service on the historic Parvathy Puthanar waterway, connecting Veli to Kadinamkulam. This initiative aims to boost tourism and revive an ancient trade route, with services expected to commence before Onam.