bus

വയനാട്ടിൽ സ്വകാര്യബസ് മേഖല കടുത്ത പ്രതിസന്ധിയിൽ. നഷ്ടം താങ്ങാനാവാതെ ജില്ലയിലെ സ്വകാര്യ ബസ് ഉടമകളും തൊഴിലാളികളും ഇന്ന് സൂചനാ പണിമുടക്ക് നടത്തും. പ്രതിസന്ധിക്ക് സർക്കാർ അടിയന്തര പരിഹാരം കണ്ടില്ലെങ്കിൽ ജൂലൈ ഒന്ന് മുതൽ സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവയ്ക്കാനാണ് തീരുമാനം.

പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രാ പദ്ധതി വന്നതിന് ശേഷം പ്രധാന റൂട്ടുകളിലെല്ലാം കെ.എസ്.ആർ.ടി.സി കൂടുതൽ സർവീസുകൾ തുടങ്ങിയതോടെയാണ് വയനാട്ടിലെ സ്വകാര്യ ബസുകൾ കടുത്ത നഷ്ടത്തിലായത്. ഡീസൽ ചിലവിനും തൊഴിലാളികളുടെ വേതനത്തിന് പോലും പണം കണ്ടെത്താനാവാത്ത അവസ്ഥയിലാണ് ഉടമകൾ.

സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് രാവിലെ 10 മണിക്ക് കളക്ടറേറ്റിലേക്ക് സംയുക്ത മാർച്ച് നടത്തും. ജില്ലയിൽ സർവീസ് നടത്തുന്ന 400 സ്വകാര്യ ബസുകളിൽ 250-ലധികം ബസുകൾ ഇതിനോടകം തന്നെ സർവീസ് നിർത്തിവയ്ക്കുന്നതായി കാണിച്ച് അധികൃതർക്ക് 'ജി ഫോം' നൽകിക്കഴിഞ്ഞു. 

ബത്തേരി-മാനന്തവാടി, കൽപറ്റ-മാനന്തവാടി തുടങ്ങിയ പ്രധാന റൂട്ടുകളിലെല്ലാം പ്രതിസന്ധി രൂക്ഷമാണ്. സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ ജൂലൈ ഒന്ന് മുതൽ വയനാട്ടിലെ മുഴുവൻ സ്വകാര്യ ബസുകളും അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങും.

 

 

 

 

Wayanad private bus sector faces severe crisis due to increased KSRTC services following the Priyadarshini free travel scheme, leading to significant losses for owners and staff. :