വയനാട് മുത്തങ്ങയിൽ ജനവാസ മേഖലയിലിറങ്ങി കാട്ടുകൊമ്പന്‍റെ പരാക്രമം. വീടിന്റെ ചുറ്റുമതിൽ തകർത്ത ആന വ്യാപകമായി കാർഷിക വിളകളും നശിപ്പിച്ചു. വനാതിർത്തിയിൽ പ്രതിരോധ സംവിധാനങ്ങൾ ശക്തമാക്കി അടിയന്തര നടപടിയെടുക്കണമെന്ന് നാട്ടുകാർ.
പുലർച്ചെ മൂന്നരയോടെയാണ് ദേശീയപാതയിലൂടെ നടന്നെത്തിയ കാട്ടുകൊമ്പൻ മുത്തങ്ങ കാളംകണ്ടി ഉന്നതി റോഡിലേക്ക് തിരിഞ്ഞത്. തുടർന്ന് പ്രദേശവാസിയായ ദാമോദരൻ്റെ വീട്ടുമുറ്റത്തെ തെങ്ങിൻ തൈ ആന പിഴുതെടുത്തു. ഇതിനിടെ വീടിന്‍റെ ചുറ്റുമതിൽ പൂർണ്ണമായും തകർന്നു .. വലിയ ശബ്ദം കേട്ടുണർന്ന വീട്ടുകാർ ബഹളമുണ്ടാക്കിയതോടെയാണ് ആന ഇവിടെ നിന്നും പിന്മാറിയത്.
ദാമോദരന്റെ വീട്ടിൽ നിന്നിറങ്ങിയ കൊമ്പൻ പിന്നീട് സമീപത്തെ കൃഷിയിടങ്ങളിലാണ് നാശം വിതച്ചത്. വാഴകളും പുൽകൃഷിയും വ്യാപകമായി നശിപ്പിച്ചു. വീടുകൾക്ക് സമീപം തന്നെ ഭീതി പരത്തി നിലയുറപ്പിച്ച ആനയെ, വിവരമറിഞ്ഞെത്തിയ വനംവകുപ്പിന്‍റെ ആർ.ആർ.ടി സംഘമാണ് കാട്ടിലേക്ക് തുരത്തിയത്.അടുത്ത കാലത്തൊന്നും ഈ പ്രദേശത്ത് കാട്ടാന ശല്യം ഉണ്ടായിരുന്നില്ല. അതിനാൽ വനാതിർത്തിയിൽ പ്രതിരോധ സംവിധാനങ്ങൾ ശക്തമാക്കി തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.