farmer-1

TOPICS COVERED

കാലവർഷം കനിഞ്ഞില്ല; വയനാട് പുൽപ്പള്ളിയിൽ കാർഷിക മേഖല കടുത്ത പ്രതിസന്ധിയിൽ. മണ്ണിൽ പൊന്നുവിളയിക്കേണ്ട കർഷകരുടെ സ്വപ്നങ്ങളാണ് വേനൽച്ചൂടിൽ കരിഞ്ഞുണങ്ങുന്നത്. കഴിഞ്ഞ വർഷം നിറഞ്ഞൊഴുകിയ കബനിയിൽ ജലനിരപ്പ് ഇപ്പോഴും താഴ്ന്നു നിൽക്കുന്നു. 

കാർമേഘങ്ങൾ ഒളിച്ചുകളിക്കുന്ന ആകാശം. താഴെ വിണ്ടുകീറുന്ന പാടങ്ങൾ. പുതുമഴയുടെ പ്രതീക്ഷയിൽ നട്ട ചേനയും ചേമ്പും കാച്ചിലുമൊന്നും ഈ മണ്ണിൽ ഇനിയും മുളപൊട്ടിയിട്ടില്ല. ഇഞ്ചിയും കുരുമുളകും കൊടുംചൂടിൽ കരിഞ്ഞുണങ്ങുന്നു. 

കഴിഞ്ഞ വർഷം ഇതേ സമയം കരകവിഞ്ഞൊഴുകിയിരുന്ന കബനിയുൾപ്പെടെയുള്ള പുഴകൾ ഇന്ന് മെലിഞ്ഞുണങ്ങിയിരിക്കുന്നു. സംസ്ഥാനത്തെ മറ്റു പല ജില്ലകളിൽ മഴ ലഭിക്കുമ്പോഴും, ഇവിടുത്തെ കർഷകർ കൃഷി ആവശ്യത്തിനുള്ള വെള്ളത്തിനായി പരക്കം പായുകയാണ്.

ചേനയ്ക്ക് രണ്ടാം വളമിടേണ്ട സമയം പോലും കഴിഞ്ഞുപോയി. ചെയ്ത കൃഷിയെല്ലാം കൺമുന്നിൽ ഇല്ലാതാകുന്നതിന്റെ നിസ്സഹായതയിലാണ് കർഷകർ.

ഒരുപക്ഷേ ഇനി നെൽകൃഷി മാത്രമായിരിക്കും ഇവർക്ക് മുന്നിലുള്ള ഏക ആശ്രയം. കാലം തെറ്റി ഇനി എത്രവലിയ മഴ പെയ്തിട്ടും കാര്യമില്ലെന്ന തിരിച്ചറിവിലാണ് ഈ കർഷകർ. ഒരു വലിയ കാർഷിക തകർച്ചയുടെ വക്കിൽ നിൽക്കുമ്പോഴും, ഇനിയെങ്കിലും തങ്ങൾക്ക് വെളളം ലഭിക്കാനുള്ള ശാശ്വതമായ ജലസേചന പദ്ധതികൾ സർക്കാർ ഒരുക്കണമെന്ന കണ്ണീരിൽ കുതിർന്ന ആവശ്യമാണ് ഈ മണ്ണിൽ നിന്നും ഉയരുന്നത്.

Wayanad Pulpally is facing a severe agricultural crisis due to the lack of monsoon rains. :