കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചതോടെ വയനാട്ടിലെ സ്വകാര്യ ബസ് വ്യവസായം കടുത്ത പ്രതിസന്ധിയിൽ. വരുമാനം കുത്തനെ ഇടിഞ്ഞതോടെ, മോട്ടോർ വാഹന വകുപ്പിന് കൂട്ടത്തോടെ ജി-ഫോം നൽകി സർവീസ് നിർത്താൻ ഒരുങ്ങുകയാണ് ബസുടമകൾ. ഇതോടെ ജില്ലയിലെ ഇരുന്നൂറിലേറെ സ്വകാര്യ ബസുകൾ ജൂലൈ ഒന്നു മുതൽ നിരത്തിലിറങ്ങില്ല.
കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര വന്നതോടെയാണ് വയനാട്ടിലെ സ്വകാര്യ ബസുകളുടെ നട്ടെല്ലൊടിഞ്ഞത്. സ്ത്രീ യാത്രക്കാർ കൂടുതലായി കെ.എസ്.ആർ.ടി.സിയെ ആശ്രയിക്കാൻ തുടങ്ങിയതോടെ സ്വകാര്യ ബസുകളുടെ വരുമാനം കുത്തനെ ഇടിഞ്ഞു. പ്രതിദിനം 2000 മുതൽ 5000 രൂപയുടെ വരെ വരുമാന നഷ്ടമാണ് ഓരോ സ്വകാര്യ ബസിനുമുണ്ടാകുന്നത്.
സാമ്പത്തിക ബാധ്യത താങ്ങാനാവാതെ വന്നതോടെയാണ് വാഹനം നിരത്തിലിറക്കില്ലെന്ന് കാണിച്ച് ബസുടമകൾ മോട്ടോർ വാഹന വകുപ്പിന് ജി-ഫോം നൽകിത്തുടങ്ങിയത്. ഇതിനകം തന്നെ ഇരുന്നൂറിലേറെ ബസുടമകൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു. നിലവിൽ അടച്ച നികുതിയുടെ കാലാവധി ഈ മാസം 30-ന് അവസാനിക്കുന്ന സാഹചര്യത്തിൽ, ജൂലൈ ഒന്ന് മുതൽ ഈ ബസുകൾ സർവീസ് നടത്തില്ല. വരും ദിവസങ്ങളിൽ കൂടുതൽ ബസുകൾ ജി-ഫോം നൽകുമെന്നാണ് സൂചന.