മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പ് പദ്ധതിയുടെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾ മന്ദഗതിയിലായതോടെ നൂറുകണക്കിന് കുടുംബങ്ങൾ അനിശ്ചിതത്വത്തില്‍. വീടുകളുടെ നിർമാണം ഇഴഞ്ഞുനീങ്ങുന്നതിൽ ദുരന്തബാധിതർ കടുത്ത ആശങ്ക പ്രകടിപ്പിക്കുന്നു. ഫേസ്-2 ഗുണഭോക്താക്കളുടെ പുനരധിവാസത്തിനായുള്ള നറുക്കെടുപ്പും വൈകുമെന്ന ആശങ്ക ഇപ്പോള്‍ ശക്തമാകുകയാണ്.
പ്രതീക്ഷകളുടെ ആകാശത്തിന് കീഴിൽ പുതിയ ജീവിതത്തിനായി കാത്തിരിക്കുന്നവരിൽ ഒരാളാണ് ദുരന്തബാധിതയായ പ്രസന്ന. ദുരന്തത്തിന്റെ കണ്ണീർ തുടച്ച് പുതിയ തുടക്കത്തിനായി കാത്തിരിക്കുന്ന കുടുംബങ്ങൾക്ക് ടൗൺഷിപ്പ് പദ്ധതിയുടെ പുരോഗതി വലിയ പ്രതീക്ഷയായിരുന്നു. എന്നാൽ രണ്ടാംഘട്ട നിർമാണത്തിലെ കാലതാമസം ആ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുകയാണ്.
ഫേസ്-1 ഗുണഭോക്താക്കൾ പുതിയ വീടുകളിലേയ്ക്ക് താമസം മാറിത്തുടങ്ങിയിട്ടും, രണ്ടാംഘട്ടത്തിൽ ഉൾപ്പെട്ട നൂറുകണക്കിന് കുടുംബങ്ങൾ ഇപ്പോഴും കാത്തിരിപ്പിലാണ്. നിർമാണം വൈകുന്നതുമായി ബന്ധപ്പെട്ട് പരാതിയുമായി കലക്ടറേറ്റിലെത്തിയ ദുരന്തബാധിതർക്ക് അധികൃതരിൽ നിന്ന് വ്യക്തമായ സമയക്രമം ലഭിച്ചില്ലെന്നാണ് ആരോപണം.
രണ്ടാംഘട്ടത്തിൽ പൂർത്തിയാക്കേണ്ട 149 വീടുകളുടെ നിർമാണമാണ് നിലവിൽ മന്ദഗതിയിൽ മുന്നോട്ടുപോകുന്നത്. നേരത്തെ രാവും പകലും വ്യത്യാസമില്ലാതെ രണ്ടായിരത്തിലധികം തൊഴിലാളികൾ പ്രവർത്തിച്ചിരുന്ന നിർമാണസൈറ്റിൽ ഇപ്പോൾ 600-ൽ താഴെ തൊഴിലാളികൾ മാത്രമാണ് ഉള്ളത്. തൊഴിലാളികളുടെ എണ്ണത്തിലുണ്ടായ വൻ കുറവ് നിർമാണ വേഗതയെ ഗണ്യമായി ബാധിച്ചിരിക്കുകയാണ്.
പല വീടുകളുടെയും വാർപ്പിങ് ജോലികൾ ഇതുവരെ പൂർത്തിയായിട്ടില്ല. പ്ലമ്പിങ്, വൈദ്യുതി വയറിങ് ഉൾപ്പെടെയുള്ള അന്തിമഘട്ട ജോലികളും അനിശ്ചിതത്വത്തിലാണ്. പ്രത്യേകിച്ച് സോൺ-5 ലെ നിർമാണ പ്രവർത്തനങ്ങൾ മറ്റ് മേഖലകളെ അപേക്ഷിച്ച് ഏറെ പിന്നിലാണെന്നാണ് വിവരം.
നിർമാണ പുരോഗതി വിലയിരുത്തുന്നതിനായി കഴിഞ്ഞ മാസം 31-ന് മന്ത്രി ടി. സിദ്ദീഖിന്റെയും കെ.എം ഷാജിയുടെയും നേതൃത്വത്തിൽ കലക്ടറേറ്റിൽ അടിയന്തര യോഗം ചേർന്നിരുന്നു. നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നിർവഹണ ചുമതലയുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് കർശന നിർദേശവും നൽകിയിരുന്നു. എന്നാൽ യോഗത്തിൽ പ്രഖ്യാപിച്ച നടപടികൾ ഇതുവരെ ഫലപ്രദമായി നടപ്പായിട്ടില്ലെന്നാണ് ദുരന്തബാധിതരുടെ പരാതി.
ടൗൺഷിപ്പ് പദ്ധതിയുടെ രണ്ടാംഘട്ട നിർമാണം വേഗത്തിലാക്കി ഫേസ്-2 ഗുണഭോക്താക്കളുടെ പുനരധിവാസ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നാണ് ദുരന്തബാധിതരുടെ ആവശ്യം. താമസം നീളുന്ന ഓരോ ദിവസവും ദുരന്തത്തിന്റെ മുറിവുകളുമായി കഴിയുന്ന കുടുംബങ്ങളുടെ ആശങ്ക വർധിപ്പിക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.