വയനാട് പുനരധിവാസത്തിന്റെ ഭാഗമായുള്ള ദുരന്തനിവാരണ വകുപ്പിന്റെ ഫണ്ടിൽ നിന്നും സെക്രട്ടേറിയേറ്റിലെ ഓഫീസിലേക്ക് ലാപ്ടോപ്പുകളും ഫോട്ടോസ്റ്റാറ്റ് മെഷീനും വാങ്ങിയതായി രേഖകൾ. ദുരന്തനിവാരണ വകുപ്പിന്റെ മുൻകരുതൽ ശേഷി വികസന ഫണ്ടിൽ (Preparedness and Capacity Building window of SDRF) നിന്നും മാനദണ്ഡങ്ങൾ പൂർണ്ണമായി ലംഘിച്ചാണ് ഈ വകമാറ്റൽ നടന്നിരിക്കുന്നത്. ദുരന്തമേഖലയിലെ ജനങ്ങൾക്ക് ഉപകരിക്കേണ്ട ഫണ്ടിൽ നിന്നുമാണ് ദുരന്തനിവാരണ വകുപ്പിന്റെ തലസ്ഥാനത്തെ ഓഫീസിലേക്ക് ലാപ്ടോപ്പുകളും ഫോസ്റ്റോസ്റ്റാന്‍റ് മെഷീനും വാങ്ങിയത്. ഇതിനായി എടുത്ത തീരുമാനത്തിന്റെ മിനിറ്റ്സ് ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. എൽ.ഡി.എഫ് ഭരണകാലത്ത്, ചീഫ് സെക്രട്ടറി അധ്യക്ഷനായ ദുരന്തനിവാരണ വകുപ്പിന്റെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് തുക വകമാറ്റാൻ നേരിട്ട് നിർദേശം നൽകിയത്.
ദുരന്തമേഖലയിലെ ജനങ്ങൾക്ക് ഭാവിയിൽ ദുരന്തസാധ്യതയുണ്ടാകുമ്പോൾ കൃത്യമായ മുന്നറിയിപ്പ് നൽകാനുള്ള അത്യാധുനിക ഉപകരണങ്ങൾ വാങ്ങുകയാണ് മുൻകരുതൽ ശേഷി വികസന ഫണ്ടിന്റെ പ്രധാന ലക്ഷ്യം. കൂടാതെ, ദുരന്തമേഖലയിലെ പൊലീസ്, അഗ്നിരക്ഷാ സേനാംഗങ്ങൾ എന്നിവർക്കും പ്രാദേശിക ജനങ്ങൾക്കും ദുരന്തങ്ങളെ നേരിടാനുള്ള അടിയന്തര പരിശീലനം നൽകാനും ഈ പണം ഉപയോഗിക്കേണ്ടതുണ്ട്.
ഈ മുൻകരുതൽ ഫണ്ടിൽ നിന്നും എന്തിനൊക്കെ പണം വിനിയോഗിക്കാൻ പാടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തങ്ങളുടെ മാർഗ്ഗനിർദ്ദേശങ്ങളിൽ വ്യക്തമായി നിഷ്കർഷിച്ചിട്ടുണ്ട്. ദുരന്തനിവാരണ വകുപ്പിന്റെ ചെലവുകൾക്കോ, ഓഫീസ് ആവശ്യങ്ങൾക്കോ, ജീവനക്കാരുടെ ശമ്പളമായോ, ദുരന്തമേഖലയിലെ പുനരധിവാസ പദ്ധതികളുടെ ഉദ്യോഗസ്ഥർക്കുള്ള പ്രതിഫലമായോ ഈ തുക ഉപയോഗിക്കാൻ പാടില്ലെന്നാണ് വ്യക്തമാക്കിട്ടുള്ളത്. ഈ നിർദ്ദേശങ്ങളെ കാറ്റിൽപ്പറത്തിയാണ് ദുരന്തമേഖലയുടെ കിലോമീറ്ററുകൾക്കിപ്പുറമുള്ള തിരുവനന്തപുരത്തെ ഓഫീസിലേക്ക് ലാപ്ടോപ്പുകളും ഫൊട്ടോസ്റ്റാറ്റ് മെഷീനും വാങ്ങാൻ തുക ചെലവഴിച്ചത്.
വയനാടിന് വേണ്ടിയുള്ള ഫണ്ടിൽ നിന്ന് ലാപ്ടോപ്പുകളും ഫൊട്ടോസ്റ്റാറ്റ് മെഷീനും വാങ്ങാൻ നിർദേശിച്ച് കഴിഞ്ഞ വർഷം സെപ്റ്റംബർ 24-നാണ് വയനാട് ടൗൺഷിപ്പ് സ്പെഷ്യൽ ഓഫീസർക്ക് സർക്കാർ സെക്രട്ടറി കത്ത് നൽകിയത്. 2,82,000 രൂപ വിലയുള്ള ആറ് ലാപ്ടോപ്പുകളും, 1,50,000 രൂപ വിലയുള്ള ഫൊട്ടോസ്റ്റാറ്റ് മെഷീനും വയനാട് പുനരധിവാസത്തിനുള്ള പ്രത്യേക ഉപകരണങ്ങൾക്കൊപ്പം നിര്‍ദേശം നല്‍കിയത്. ആകെ 4,32,000 രൂപയാണ് ഇത്തരത്തിൽ വകമാറ്റിയത്.
തുക ചെറുതാണെന്ന് തോന്നാമെങ്കിലും, തിരുവനന്തപുരത്തിരിക്കുന്ന അണ്ടർ സെക്രട്ടറി, സെക്ഷൻ ഓഫീസർ, നാല് അസിസ്റ്റന്റുമാർ എന്നിവർക്ക് ഉപയോഗിക്കാനുള്ള ആറ് ലാപ്ടോപ്പുകൾ വാങ്ങാൻ ദുരന്തബാധിതർക്കുള്ള ഫണ്ട് ഉപയോഗിച്ചത് എല്‍ഡിഎഫ് സര്‍ക്കാരിലെ ഉന്നതരുടെ നിർദേശപ്രകാരമായിരുന്നു. സർക്കാർ ഓഫീസുകളിലേക്ക് ലാപ്ടോപ്പ് ആവശ്യമുണ്ടെങ്കിൽ ഐ.റ്റി സെല്ലിന് കത്ത് നൽകിയാൽ, അതിനായി നീക്കിവെച്ച പ്രത്യേക ഫണ്ടിൽ നിന്നും ഉപകരണങ്ങൾ എത്തിച്ചു നൽകാറുണ്ട്. ഈ വഴി നിലനിൽക്കെയാണ്, മാനദണ്ഡങ്ങളെല്ലാം ലംഘിച്ചുകൊണ്ട് വയനാട് ടൗൺഷിപ്പിന്റെ അക്കൗണ്ടിൽ നിന്നും തുക വകമാറ്റി ഇവ വാങ്ങിയത്