wayanad-murder-fatima-arrest

വയനാട് വെണ്ണിയോട് എൺപത്തഞ്ചുകാരിയായ ഫാത്തിമയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പതിനേഴുകാരൻ പിടിയിൽ. മെയ് 24-ന് വൈകുന്നേരമാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഇരുപത്തിരണ്ട് ദിവസത്തെ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പൊലീസ് വലയിലാക്കിയത്. നാട്ടിലെ സ്ഥിരം പ്രശ്നക്കാരനും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ മടിയില്ലാത്തവനുമാണ് പിടിയിലായ കൗമാരക്കാരനെന്ന് നാട്ടുകാർ.

  • കൊലപാതകത്തിലേക്ക് നയിച്ചത് പണം നൽകാത്തതിലുള്ള വിരോധം

ഫാത്തിമയുടെ ഇളയ മകൻ ഉസ്മാൻ വീട്ടിലെത്തിയപ്പോഴാണ് അമ്മയെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഫാത്തിമയുടെ ശരീരത്തിലുണ്ടായിരുന്ന സ്വർണ്ണാഭരണങ്ങൾ വീടിന്റെ മുറ്റത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

മാനന്തവാടി മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് ഇതൊരു കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. കഴുത്തിലെ എല്ലുകൾ ഒടിഞ്ഞ നിലയിലും, വാരിയെല്ലുകൾക്ക് പൊട്ടലും, ശരീരത്തിന്റെ പല ഭാഗങ്ങളിലും പരിക്കുകളുമുണ്ടായിരുന്നു. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതി, പണം ചോദിച്ചപ്പോൾ ഫാത്തിമ നൽകാതിരുന്നതിലുള്ള വിരോധമാണ് കൊലപാതകത്തിന് കാരണമെന്ന് മൊഴി നൽകി. കിടപ്പുമുറിയിൽ വെച്ച് കഴുത്തിൽ വള്ളി ചുറ്റി ശ്വാസം മുട്ടിച്ചാണ് ഇയാൾ വയോധികയെ കൊലപ്പെടുത്തിയത്.

  • ആരെയും ഞെട്ടിക്കുന്ന ക്രൂരത; 'നായയെ കൊലപ്പെടുത്താൻ ശ്രമിച്ച ദൃശ്യങ്ങൾ തെളിവ്'

നാട്ടുകാരെ ഭീതിയിലാഴ്ത്തുന്ന സ്വഭാവമാണ് പ്രതിയുടേതെന്ന് പ്രദേശവാസികൾ പറയുന്നു. ഇതിന് തെളിവായി 2024-ൽ നടന്ന മോഷണശ്രമത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഒരു വീട്ടിൽ മോഷണത്തിനായി കയറിയപ്പോൾ നായ കുരച്ചതിനെത്തുടർന്ന്, വീടിന് മുൻപിലുണ്ടായിരുന്ന കമ്പി ഉപയോഗിച്ച് നായയെ ക്രൂരമായി കുത്തിക്കൊല്ലാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ.

 ചോദിച്ച പണം നൽകിയില്ലെന്ന നിസ്സാരകാര്യത്തിന് 85 വയസ്സുള്ള ഒരു വയോധികയെ ശ്വാസം മുട്ടിച്ചു കൊന്ന ക്രൂരത, കൗമാരക്കാരിലെ വർദ്ധിച്ചുവരുന്ന കുറ്റവാസനയെക്കുറിച്ചുള്ള വലിയൊരു ചോദ്യചിഹ്നമാണ് ഉയർത്തുന്നത്.

ENGLISH SUMMARY:

Wayanad murder case involves the brutal killing of 85-year-old Fatima, with a 17-year-old apprehended after a 22-day investigation. The teenager, known for troublemaking, confessed to the crime, citing a dispute over money as the motive.