congress-leader-sexual-assault-thamarashery

കോഴിക്കോട് താമരശ്ശേരിയിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ മുതിർന്ന കോൺഗ്രസ് നേതാവും കെ.പി.സി.സി അംഗവുമായ എ. അരവിന്ദനെതിരെ പൊലീസ് കേസെടുത്തു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും താമരശ്ശേരി മുൻ പഞ്ചായത്ത് പ്രസിഡന്റുമാണ് പ്രതിയായ എ. അരവിന്ദൻ. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ താമരശ്ശേരി പൊലീസ് അടിയന്തര നടപടി സ്വീകരിച്ചത്.  

എ. അരവിന്ദൻ താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലയളവിലാണ് പരാതിക്കാരിയായ യുവതിക്ക് പഞ്ചായത്ത് കെട്ടിടത്തിൽ സ്ഥാപനം നടത്താനുള്ള അനുമതി ലഭിക്കുന്നത്. ഈ സ്ഥാപനത്തിന്റെ പ്രവർത്തന കാലാവധി അടുത്ത മാസം അവസാനിക്കാനിരിക്കുകയായിരുന്നു. കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് അരവിന്ദൻ യുവതിയെ ഫോണിൽ വിളിച്ച് സ്വന്തം വീട്ടിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു.

ഇതനുസരിച്ച് ഉച്ചയ്ക്ക് രണ്ട് മണിയോടെ അരവിന്ദന്റെ വീട്ടിലെത്തിയ യുവതിയെ ഇയാൾ കയറിപ്പിടിക്കുകയും ലൈംഗികമായി അതിക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു. തുടർന്ന് പ്രതിയുടെ പിടിയിൽ നിന്ന് യുവതി ഓടി രക്ഷപ്പെടുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

സംഭവത്തിന് തൊട്ടുപിന്നാലെ യുവതി താമരശ്ശേരി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പ്രതിയായ എ. അരവിന്ദനെതിരെ ലൈംഗിക അതിക്രമം, ബലാല്‍സംഘ ശ്രമം തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ENGLISH SUMMARY:

Sexual assault allegations against senior Congress leader A Aravindan in Thamarashery have led to a police case being registered. The incident involves a complaint filed by a young woman regarding an alleged sexual assault attempt at his residence.