chidambaram-slams-pm-modi-intellectual-naxal-comment-political-debate
  • ആയുധമെടുത്ത നക്സലുകള്‍ ഇല്ലാതായപ്പോള്‍ ബുദ്ധിജീവി നക്സലുകള്‍ രംഗപ്രവേശം ചെയ്തുവെന്നയിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം

പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ നടത്തിയ ‘ദിമാഗി നക്​സലുകളെ  സൂക്ഷിക്കണം’ എന്ന പരാമര്‍ശം ഏറ്റെടുത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. ‘ബുദ്ധിജീവി നക്​സല്‍’ ആയതില്‍ അഭിമാനിക്കുന്നുവെന്ന് ചിദംബരം പറഞ്ഞു. എന്നാല്‍ പ്രതിപക്ഷ നേതാക്കളെ കുറിച്ചല്ല പ്രധാനമന്ത്രി ഈ പരാമര്‍ശം നടത്തിയതെന്ന് പാര്‍ലമെന്‍ററി കാര്യമന്ത്രി കിരണ്‍ റിജിജു സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു. ' മോദി പറഞ്ഞത് ഇന്ത്യന്‍ ഭരണഘടനയെ എതിര്‍ക്കുകയും മാവോയിസ്റ്റുകളെ പിന്തുണയ്ക്കുകയും ചെയ്യുന്നവരെ കുറിച്ച് മാത്രമാണ്,വിഘടനവാദികള്‍ക്കൊപ്പം നില്‍ക്കുവരെയും ആര്‍ട്ടിക്കിള്‍ 370 നെ പിന്തുണയ്ക്കുന്നവരെയുമാണ്, വടക്കു കിഴക്കിനെ ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്താന്‍ ശ്രമിക്കുന്നവരെ കുറിച്ചാണ്' –റിജ്ജു  വിശദീകരിച്ചു. 'ആരാണ് ബുദ്ധിജീവി നക്സലെന്ന് പ്രധാനമന്ത്രി കൃത്യമായി പറഞ്ഞിട്ടുണ്ട്. അങ്ങനെയൊന്നുണ്ടെങ്കില്‍ അവരെ തടയുക തന്നെ വേണം. ഏതെങ്കിലുമൊരു പ്രതിപക്ഷ നേതാവിനോ ഇന്ത്യക്കാരനോ അത് അവരെ കുറിച്ചാണ് പറഞ്ഞതെന്ന് തോന്നുന്നുണ്ടെങ്കില്‍ അവര്‍ അങ്ങനെയാകും' എന്നായിരുന്നു എന്‍ഡിടിവിയോട് പ്രതികരിച്ചത്.

എണ്‍പതാം സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് 'ബുദ്ധിജീവി നക്സല്‍' പരാമര്‍ശം പ്രധാനമന്ത്രി നടത്തിയത്. രാജ്യത്തെ സംവിധാനങ്ങളില്‍ വേരാഴ്ത്തിയ ഇക്കൂട്ടര്‍ നയങ്ങളെ വളച്ചൊടിച്ച് സമൂഹത്തെ സ്വാധീനിക്കുകയാണെന്നും ആയുധമെടുത്ത നക്സലുകള്‍ ഇല്ലാതായപ്പോള്‍ രംഗപ്രവേശം ചെയ്തവരാണെന്നും മോദി പറഞ്ഞു. ഇക്കൂട്ടരെ കണ്ടെത്തുകയും ഒറ്റപ്പെടുത്തുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കടുത്ത വിമര്‍ശനമാണ് മോദിയുടെ ഈ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് ഉയര്‍ത്തിയത്. പ്രധാനമന്ത്രി പറഞ്ഞത് പ്രതിപക്ഷ നേതാക്കളെ കുറിച്ചല്ലെന്ന കിരണ്‍ റിജിജുവിന്‍റെ പ്രസ്താവനയെ കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പരിഹസിച്ചു. 'സഹോദരാ, ആദ്യം നിങ്ങളീ എണ്ണിത്തിട്ടപ്പെടുത്തുന്നത് ശരിയാക്കൂ, സംഖ്യാശ്രേണിയില്‍ ഒന്നും രണ്ടും കഴിഞ്ഞാല്‍ മൂന്നാണ്, നാലല്ല' എന്നായിരുന്നു പവന്‍ ഖേരയുടെ വാക്കുകള്‍. ജയറാം രമേശാവട്ടെ പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതയിലേക്ക് ഒളിയമ്പുമെയ്തു. 

അതേസമയം, ചിദംബരം താന്‍ ബുദ്ധിജീവി നക്സലെന്ന് സ്വയം വിശേഷിപ്പിച്ചതില്‍ അതിശയോക്തി ഇല്ലെന്നായിരുന്നു ബിജെപി നേതാക്കളുടെ പ്രതികരണം. പ്രധാമന്ത്രിയുടെ വാക്ക് കൊള്ളേണ്ടിടത്ത് കൊണ്ടുവെന്ന് ബിജെപി ഐടി വിഭാഗം വക്താവ് അമിത് മാളവ്യയും പ്രതികരിച്ചു.

ENGLISH SUMMARY:

Senior Congress leader P. Chidambaram publicly stated that he is proud to be an "Intellectual Naxal" in response to Prime Minister Narendra Modi's Independence Day warning against ideological subversion. Union Minister Kiren Rijiju clarified that the Prime Minister's remarks targeted those opposing the Constitution and supporting separatism rather than legitimate opposition leaders. The exchange sparked a fierce political row, with Congress leaders heavily criticizing the rhetoric and questioning the administration's narrative. Meanwhile, BJP representatives asserted that the warning successfully hit its intended targets, escalating the ongoing debate over national security and dissent.