AI image
യു.ജി.സി നെറ്റ് പുനപരീക്ഷ പ്രഖ്യാപിച്ച് നാഷനൽ ടെസ്റ്റിങ് ഏജൻസി(എന്‍ടിഎ). ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി പരീക്ഷകൾ വീണ്ടും നടത്തും. ചോദ്യപേപ്പറുമായി ബന്ധപ്പെട്ട പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി. വിഷയം പരിശോധിക്കാൻ നിയോഗിച്ച സമിതിയുടെ ശുപാർശ പ്രകാരമാണ് പുനപരീക്ഷ. ഇംഗ്ലീഷ് പരീക്ഷ സെപ്റ്റംബർ 9-ന് രാവിലെ 9 മുതൽ 12 വരെ നടക്കും . കൊമേഴ്സ് പരീക്ഷ അന്ന് തന്നെ ഉച്ചതിരിഞ്ഞ് 3 മുതൽ 6 വരെ. സോഷ്യോളജി പരീക്ഷ സെപ്റ്റംബർ 10-ന് രാവിലെ 9 മുതൽ 12 വരെ. പരീക്ഷാർഥികൾ വീണ്ടും ഫീസ് നൽകേണ്ടതില്ല. പരീക്ഷാ കേന്ദ്രങ്ങളുടെ വിവരങ്ങളും അഡ്മിറ്റ് കാർഡും ഔദ്യോഗിക വെബ്സൈറ്റിലൂടെ പിന്നീട് അറിയിക്കും
ജൂൺ മാസത്തിൽ നടന്ന പരീക്ഷ കഴിഞ്ഞ് ഏകദേശം ഏഴ് ആഴ്ചകൾക്ക് ശേഷമാണ് NTA പ്രൊവിഷണൽ ഉത്തരസൂചിക പുറത്തുവിട്ടത്. എന്നാൽ ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി വിഷയങ്ങളുടെ ഉത്തരസൂചിക പുറത്തുവിട്ടിരുന്നില്ല. ഇതിന് പിന്നാലെയാണ് മൂന്ന് വിഷയങ്ങളിലും പുനഃപരീക്ഷ നടത്താനുള്ള തീരുമാനം.
നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന് രൂപീകരിച്ച സമിതി നടത്തിയ പരിശോധനയിൽ വസ്തുതാപരമായ പിശകുകൾ, അച്ചടിപ്പിശകുകൾ, വിവർത്തനത്തിലെ പിഴവുകൾ തുടങ്ങിയവ കണ്ടെത്തിയതായി എന്‍ടിഎ അറിയിച്ചു. പ്രമുഖ പണ്ഡിതരുടെ പേരുകൾ തെറ്റായി രേഖപ്പെടുത്തിയത്, പുസ്തകങ്ങളുടെ പേരുകൾ വികലമായി നൽകിയിരുന്നത്, തെറ്റായ രീതിയിൽ ചോദ്യങ്ങൾ രൂപപ്പെടുത്തിയിരുന്നത്, വ്യാകരണ-വിരാമചിഹ്ന പിശകുകൾ, നിലവാരമില്ലാത്ത പദങ്ങൾ ഉപയോഗിച്ചത് എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, നേരത്തെ ചോദിച്ചിരുന്ന ഗണ്യമായ എണ്ണം ചോദ്യങ്ങൾ വീണ്ടും ആവർത്തിച്ചതായും സമിതി കണ്ടെത്തി. ഇത്രയധികം പിശകുകളുള്ള ചോദ്യപേപ്പറുകൾ പരീക്ഷയുടെ നിലവാരം പാലിക്കുന്നില്ലെന്നും NTA വിലയിരുത്തി പരാതികൾ ലഭിച്ചതിന് ശേഷം ചോദ്യങ്ങൾ ഒഴിവാക്കുന്നതിലൂടെ മാത്രം പ്രശ്നം പരിഹരിക്കാനാകില്ലെന്നും ഏജൻസി വ്യക്തമാക്കി.
ഇംഗ്ലീഷ് പേപ്പറും വിവാദത്തിലായിരുന്നു. 150 ചോദ്യങ്ങളിൽ 67 ചോദ്യങ്ങൾ 2024ലെ പരീക്ഷയിൽ ചോദിച്ചവയുമായി പൂർണമായും സമാനമാണെന്നും, ഉത്തര ഓപ്ഷനുകളുടെ ക്രമം പോലും മാറ്റമില്ലാതെ ആവർത്തിച്ചെന്നുമായിരുന്നു ഉദ്യോഗാർഥികളുടെ ആരോപണം. തുടർന്ന് കൊമേഴ്‌സ് പരീക്ഷയിലും ചോദ്യങ്ങൾ ആവർത്തിച്ചതായി പരാതികൾ ഉയർന്നു. അതേസമയം, ഇപ്പോഴത്തെ പുനഃപരീക്ഷ മറ്റ് 84 വിഷയങ്ങളുടെ ഫലപ്രഖ്യാപനത്തെ ബാധിക്കില്ല. ഈ വിഷയങ്ങളിലെ ഫലങ്ങൾ നിശ്ചയിച്ച സമയക്രമത്തിൽ തന്നെ പ്രഖ്യാപിക്കുമെന്നും NTA അറിയിച്ചു. ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (JRF) അനുവദിക്കുന്നതിലും അസിസ്റ്റന്റ് പ്രൊഫസർ, പിഎച്ച്ഡി യോഗ്യതാ സർട്ടിഫിക്കറ്റുകൾ നൽകുന്നതിലും കാലതാമസം ഉണ്ടാകില്ല.